ന്യൂദല്‍ഹി -ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവര്‍ക്കും ഇനി മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാം. പുതിയ നീക്കത്തിലൂടെ പ്രായാധിക്യമുള്ളവര്‍ക്കും മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാനാണ് ഐആര്‍ഡിഎഐ ലക്ഷ്യമിടുന്നത്.
നേരത്തെ, 65 വയസിന് താഴെയുള്ളവര്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് കമ്പനികള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കിയിരുന്നുള്ളു. എന്നാല്‍ ഏപ്രില്‍ ഒന്നിന് പുറത്തിറക്കിയ ഭേദഗതിയില്‍ ഈ പ്രായപരിധി എടുത്തുമാറ്റുകയായിരുന്നു. മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, പ്രസവം എന്നിവയ്ക്കായി ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രത്യേകം പദ്ധതി തയാറാക്കണമെന്നും മുന്‍പ് നിലനില്‍ക്കുന്ന രോഗാവസ്ഥകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്നും ഐ ആര്‍ ഡി എ ഐ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
പ്രായ പരിധി കുറച്ചതിന് പുറമെ, ഇന്‍ഷുറന്‍സ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുന്‍പുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 മാസത്തില്‍ നിന്ന് 36 മാസമായി കുറച്ചിട്ടുണ്ട്.
ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ഉയര്‍ന്ന പ്രായപരിധി നീക്കിയത് ഇന്‍ഷുറന്‍സ് മേഖലയ്ക്ക് കുതിപ്പ് നല്‍കുമെന്നാണ് വിലയിരുത്തല്‍.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group