ബെയ്റൂത്ത് – ദക്ഷിണ ലെബനോനിൽ കാറിന് നേരെ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരിൽ ഒരാൾ സൈനികനാണെന്ന് ലെബനീസ് സൈന്യം അറിയിച്ചു. ഹിസ്ബുല്ല പ്രവർത്തകരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായിൽ അവകാശപ്പെട്ടു.
ഇസ്രായിൽ പ്രതിരോധ സേനക്കെതിരെ ആക്രമണം ആസൂത്രണം ചെയ്യുകയും തെക്കൻ ലെബനോനിലെ സിഡോൺ പ്രദേശത്ത് സൈനിക അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്ന മൂന്ന് ഹിസ്ബുല്ല ഭീകരരെ ഇസ്രായിൽ സൈന്യം നടത്തിയ ആക്രമണത്തിലൂടെ വധിച്ചതായി ഇസ്രായിൽ സൈനിക വക്താവ് അവിചായ് അഡ്രഇ പറഞ്ഞു. ലബനീസ് സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിൽ ഒരേസമയം സേവനമനുഷ്ഠിച്ചിരുന്ന ഹിസ്ബുല്ല പ്രവർത്തകൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നതായും ഇസ്രായിൽ സൈനിക വക്താവ് എക്സിലെ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
സിഡോൺ സെക്ടറിലെ ഹിസ്ബുല്ലയുടെ വ്യോമ പ്രതിരോധ യൂണിറ്റിൽ പ്രവർത്തിച്ചിരുന്ന മറ്റൊരു പ്രവർത്തകനെയും ആക്രമണം ഇല്ലാതാക്കി. ലെബനിസ് സൈന്യവും ഹിസ്ബുല്ലയും തമ്മിൽ സഹകരണ ബന്ധങ്ങളുണ്ട്. ഇസ്രായിൽ രാജ്യത്തിന്റെ പൗരന്മാർക്കുള്ള ഏത് ഭീഷണിയും ഇല്ലാതാക്കാൻ ഇസ്രായിൽ തുടർന്നും പ്രവർത്തിക്കും. ഇസ്രായിലിനും ലെബനോനും ഇടയിലുള്ള ധാരണകളുടെ ഗുരുതരമായ ലംഘനമായി തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കാൻ ശ്രമിക്കുന്ന ഹിസ്ബുല്ല പ്രവർത്തകർക്കെതിരെയാണ് ഇസ്രായിൽ സൈന്യം പ്രവർത്തിക്കുന്നത് – സൈനിക വക്താവ് പറഞ്ഞു.
കൊല്ലപ്പെട്ട സൈനികൻ ഹിസ്ബുല്ല അംഗമാണെന്ന ഇസ്രായിൽ സൈന്യത്തിന്റെ ആരോപണം ലെബനീസ് സൈനിക സ്രോതസ്സ് നിഷേധിച്ചു. ഫസ്റ്റ് സർജന്റ് അലി അബ്ദുല്ല സിഡോൺ നഗരത്തിനടുത്തുള്ള റോഡിലൂടെ സഞ്ചരിച്ചിരുന്ന കാറിനെ ലക്ഷ്യമിട്ട് ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ലെബനീസ് സൈന്യം പറഞ്ഞു.
ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർ മരിച്ചതായി ലെബീസ് ആരോഗ്യ മന്ത്രാലയം ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. 2024 നവംബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ഒരു വർഷത്തിലേറെ നീണ്ടുനിന്ന രക്തരൂക്ഷിതമായ യുദ്ധത്തിൽ കനത്ത നഷ്ടം നേരിട്ട ഹിസ്ബുല്ല അതിന്റെ ശേഷികൾ പുനർനിർമ്മിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ലെബനോനിലെ വിവിധ പ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തുന്നതെന്ന് ഇസ്രായിൽ പറയുന്നു.
കരാർ പ്രകാരം, ലെബനീസ് സർക്കാർ അംഗീകരിച്ച പദ്ധതിയിൽ ഹിസ്ബുല്ലയെ നിരായുധീകരിക്കാൻ പ്രവർത്തിക്കുമ്പോൾ തന്നെ ലെബനീസ് സൈന്യത്തെ അതിർത്തി മേഖലയിൽ വിന്യസിക്കേണ്ടതാണ്. അതിർത്തിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ലിതാനി നദിയുടെ തെക്ക് ഭാഗത്തുള്ള പ്രദേശം ഉൾപ്പെടുന്ന ഭാഗത്ത് പദ്ധതിയുടെ ആദ്യ ഘട്ടം ഈ വർഷാവസാനത്തോടെ സൈന്യം പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഹിസ്ബുല്ലയുടെ നിരായുധീകരണം വേഗത്തിലാക്കാൻ അമേരിക്കയിൽ നിന്നും ഇസ്രായിലിൽ നിന്നും ലെബനോൻ വർധിച്ചുവരുന്ന സമ്മർദം നേരിടുന്നു. ഈ സമ്മർദത്തെ തുടർന്ന് ലെബീസ് അധികൃതർ ഈ മാസാദ്യം മുൻ അംബാസഡർ സൈമൺ കറമിനെ അമേരിക്ക, ഫ്രാൻസ്, ഐക്യരാഷ്ട്രസഭ, ഇസ്രായിൽ എന്നിവ ഉൾപ്പെടുന്ന വെടിനിർത്തൽ നിരീക്ഷണ സമിതി യോഗങ്ങളിലേക്കുള്ള തങ്ങളുടെ സിവിലിയൻ പ്രതിനിധിയായി നിയമിച്ചു.
കഴിഞ്ഞ യുദ്ധത്തിൽ ഇസ്രായിൽ മുന്നേറിയതും വെടിനിർത്തൽ കരാർ ഉണ്ടായിരുന്നിട്ടും അവിടെ തുടരുന്നതുമായ പ്രദേശങ്ങളിൽ നിന്ന് അവരുടെ സൈന്യത്തെ പിൻവലിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായിലുമായി സാങ്കേതിക സ്വഭാവത്തോടെയുള്ള ചർച്ചകളാണ് നടത്തുന്നതെന്ന് ലെബനീസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.



