മലപ്പുറം – തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോഷ്യൽ മീഡിയയിൽ തരംഗമായ ‘പോറ്റിയേ കേറ്റിയേ…’ എന്ന പാരഡി ഗാനത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ കത്തുമ്പോൾ, പാട്ടെഴുതിയ ജി.പി. കുഞ്ഞബ്ദുള്ള ഗുരുസ്ഥാനീയനായി കാണുന്നത് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. ഹംസയാണെന്ന് വെളിപ്പെടുത്തൽ. സഭ്യമല്ലാത്ത ഭാഷയിലോ മതനിന്ദാപരമായോ പാട്ടെഴുതിയെന്ന് ആരോപിച്ച് സിപിഎം സൈബർ ലോകം കുഞ്ഞബ്ദുള്ളയെ വേട്ടയാടുമ്പോൾ, അദ്ദേഹത്തിന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. ഹംസയുമായുള്ള ആഴത്തിലുള്ള ആത്മബന്ധമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
എഴുത്തുകാരൻ റഹ്മാൻ തായലങ്ങാടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഈ അപൂർവ്വ സൗഹൃദത്തിൻ്റെ കഥ പറയുന്നത്. ജി.പി. കുഞ്ഞബ്ദുള്ള അടിസ്ഥാനപരമായി കോൺഗ്രസുകാരനാണെങ്കിലും അദ്ദേഹം ഗുരുസ്ഥാനീയനായി കാണുന്നത് സഖാവ് ടി.കെ. ഹംസയെയാണ്. ഖത്തറിൽ നിന്ന് നാട്ടിലെത്തിയാൽ ഹംസക്കയെ കണ്ട് അനുഗ്രഹം വാങ്ങുക എന്നത് കുഞ്ഞബ്ദുള്ളയുടെ ശീലമാണെന്ന് റഹ്മാൻ പറയുന്നു. കുഞ്ഞബ്ദുള്ള പുറത്തിറക്കിയ ‘മാപ്പിളപ്പാട്ടിൻ വർണ്ണ ചരിത്രം’ എന്ന പുസ്തകത്തിന് ആദ്യ അവതാരിക എഴുതിയതും മറ്റാരുമല്ല, സഖാവ് ടി.കെ. ഹംസ തന്നെയാണ്.
ശബരമലയിലെ സ്വർണ്ണപ്പാളികൾ കവർന്ന കേസിൽ രണ്ട് സഖാക്കൾ പ്രതികളായ പശ്ചാത്തലത്തിലാണ് ‘പോറ്റിയേ കേറ്റിയേ…’ എന്ന പാട്ട് എഴുതിയത്. ഇതിൽ എവിടെയാണ് മതനിന്ദയെന്ന് റഹ്മാൻ തായലങ്ങാടി ചോദിക്കുന്നു. “അയ്യപ്പൻ്റെ സ്വർണ്ണപ്പാളികൾ കട്ടത് സഖാക്കളാണെന്ന് അയ്യപ്പസമക്ഷം കവി ബോധിപ്പിച്ചാൽ അത് എങ്ങനെയാണ് നിന്ദയാവുക?” എന്നാണ് കുറിപ്പിലെ ചോദ്യം. മുൻപ് ബാബറി മസ്ജിദ് തകർത്തപ്പോഴും കോവിഡ് കാലത്തും മതമൈത്രിക്ക് വേണ്ടി ‘കേരള മാല’ എന്ന പേരിൽ ദീർഘമായ പാട്ടുകളെഴുതിയ വ്യക്തിയാണ് കുഞ്ഞബ്ദുള്ളയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മറ്റൊരു കൗതുകകരമായ വസ്തുത, ഈ വിവാദ ഗാനം പാടിയ ഗായകൻ തന്നെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വേണ്ടിയും പാട്ടുകൾ പാടിയിട്ടുള്ളത് എന്നതാണ്. അവർക്കതൊരു പ്രൊഫഷൻ മാത്രമാണെന്നും ഇതിനെ വർഗീയവൽക്കരിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും റഹ്മാൻ പരിഹസിക്കുന്നു.
‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിലൂടെ ജനങ്ങൾക്കിടയിൽ വളർന്ന പ്രസ്ഥാനം, ഒരു പാരഡി പാട്ടിനെ ഇത്രയധികം ഭയപ്പെടുന്നുവെങ്കിൽ പാർട്ടി അത്രമേൽ ദുർബലമായി എന്നാണ് അർത്ഥമെന്ന് റഹ്മാൻ തായലങ്ങാടി വിമർശിക്കുന്നു. ജി.പി. കുഞ്ഞബ്ദുള്ളയെ മതതീവ്രവാദിയെന്നും വർഗീയവാദിയെന്നും വിളിക്കുന്ന സഖാക്കൾ, അദ്ദേഹം ആരാണെന്ന് സ്വന്തം നേതാവായ ടി.കെ. ഹംസയോട് ചോദിക്കണമെന്നും കുറിപ്പിൽ പറയുന്നു.
തെരഞ്ഞെടുപ്പ് കഴിയുന്നതോടെ മറവിയിലേക്ക് പോകേണ്ട ഒരു ചെറിയ പാട്ടിനെ അനാവശ്യ വിവാദങ്ങളിലൂടെ ജനകീയമാക്കുന്നത് സഖാക്കൾ തന്നെയാണെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ, ഈ പാട്ട് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വരെ നീണ്ടുനിൽക്കുമെന്ന മുന്നറിയിപ്പോടെയാണ് റഹ്മാൻ തായലങ്ങാടി തൻ്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ടി.കെ. ഹംസ, കുഞ്ഞബ്ദുള്ളയോടൊപ്പമുള്ള ചിത്രവും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.



