* ടിക്കറ്റ് നിരക്കുകള്‍ കുറക്കാന്‍ തിയേറ്ററുകളെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യം
* ടിക്കറ്റ് ഫീസും കുറച്ചു
ജിദ്ദ – സൗദിയില്‍ സിനിമാ തിയേറ്റര്‍ ലൈസന്‍സ് ഫീസ് കുറക്കാന്‍ സാംസ്‌കാരിക മന്ത്രി ബദ്ര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ചെയര്‍മാനായ ഫിലിം കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. സ്ഥിരവും താല്‍ക്കാലികവുമായ സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സുകള്‍, പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള സിനിമാശാലകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സുകള്‍ എന്നിവക്കുള്ള ഫീസുകളാണ് കുറച്ചിരിക്കുന്നത്. സിനിമാ മേഖലയില്‍ മൂല്യശൃംഖല ശക്തിപ്പെടുത്താനും തിയേറ്ററുകളില്‍ പ്രേക്ഷകരുടെ എണ്ണം വര്‍ധിപ്പിക്കാനും സൗദി സിനികളുടെ വിഹിതം ഉയര്‍ത്താനും പുതിയ തീരുമാനം പ്രധാനമാണെന്ന് സാംസ്‌കാരിക മന്ത്രി പറഞ്ഞു. ഇത് ഈ മേഖലയില്‍ ഉണര്‍വുണ്ടാക്കാന്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.പ്രൊഡക്ഷന്‍ സ്റ്റുഡിയോകള്‍ക്ക് ലൈസന്‍സ് നല്‍കല്‍, ദൃശ്യ-ശ്രാവ്യ ഉള്ളടക്കം നിര്‍മിക്കാനുള്ള ലൈസന്‍സ്, സിനിമാ വിതരണ ലൈസന്‍സ്, സിനിമാ ചിത്രീകരണത്തിനുള്ള നോ-ഒബ്ജക്ഷന്‍ ലൈസന്‍സ് എന്നിവ കള്‍ച്ചറല്‍ ലൈസന്‍സസ് പ്ലാറ്റ്‌ഫോം ആയ (അബ്ദിഅ്) വഴി നല്‍കാനുള്ള അധികാരം ഫിലിം കമ്മീഷനിലേക്ക് മാറ്റാനും ഫിലിം കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. സിനിമാ ടിക്കറ്റ് നിരക്കുകള്‍ കുറക്കാനും സിനിമാ പ്രേക്ഷകര്‍ക്ക് പ്രൊമോഷന്‍ ഓഫറുകള്‍ നല്‍കാനും തിയേറ്റര്‍ മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് സിനിമാ ടിക്കറ്റ് ഫീസുകള്‍ കുറക്കാനും ഫിലിം കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. സൗദിയില്‍ കൂടുതല്‍ സിനിമാ തിയേറ്ററുകളും സ്‌ക്രീനുകളും തുറക്കാനും ബോക്‌സ് ഓഫീസുകളില്‍ സൗദി സിനിമാ പ്രദര്‍ശനങ്ങള്‍ വിശാലമാക്കാനും പുതിയ തീരുമാനങ്ങള്‍ സഹായിക്കും. സിനിമാ പ്രേക്ഷകര്‍ക്ക് കിഴിവുകളും പ്രൊമോഷന്‍ ഓഫറുകളും വാഗ്ദാനം ചെയ്യാന്‍ സൗദിയില്‍ സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്വകാര്യ മേഖലാ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സിനിമാ വ്യവസായത്തെ ഉത്തേജിപ്പിക്കാന്‍ ഫിലിം കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതായി കമ്മീഷന്‍ സി.ഇ.ഒ എന്‍ജിനീയര്‍ അബ്ദുല്ല അല്‍ഖഹ്താനി പറഞ്ഞു. രാജ്യത്ത് ചലച്ചിത്ര സംസ്‌കാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. വിവിധ തിയേറ്ററുകളില്‍ സൗദി സിനിമകളുടെ പ്രദര്‍ശനം ഉത്തേജിപ്പിച്ച് സൗദി സിനിമയുടെ സാന്നിധ്യം വര്‍ധിപ്പിക്കാനും തങ്ങള്‍ ശക്തമായി പ്രവര്‍ത്തിക്കുന്നു. അന്താരാഷ്ട്ര ശരാശരിക്ക് അനുസൃതമായാണ് സൗദിയില്‍ തിയേറ്റര്‍ ലൈസന്‍സ് ഫീസും ടിക്കറ്റ് ഫീസും കുറച്ചത്. ഇത് സുസ്ഥിരതയും വളര്‍ച്ചയും കൈവരിക്കാന്‍ സിനിമാ തിയേറ്റര്‍ കമ്പനികളെ പിന്തുണക്കുമെന്നും എന്‍ജിനീയര്‍ അബ്ദുല്ല അല്‍ഖഹ്താനി പറഞ്ഞു.