റിയാദ് – സൗദി നിര്‍മിത ഉല്‍പന്നങ്ങള്‍ ലോകത്തെ 180 രാജ്യങ്ങളിലെ വിപണികളില്‍ എത്തുന്നതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു. മൂന്നാമത് മെയ്ഡ് ഇന്‍ സൗദി എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സൗദി വ്യവസായത്തിന്റെ വികസനം, സൗദി ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം, പ്രാദേശിക, അന്തര്‍ദേശീയ വിപണികളിലെ മത്സരശേഷി എന്നിവ പ്രദര്‍ശിപ്പിക്കാനുള്ള നിര്‍ണായക വേദിയായി എക്‌സിബിഷന്‍ മാറിയിട്ടുണ്ട്. ദേശീയ വ്യവസായങ്ങളുടെ വളര്‍ച്ചയെ പിന്തുണക്കുന്ന തന്ത്രപരമായ പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കാനുള്ള പ്രധാന ചുവടുവെപ്പാണ് എക്‌സിബിഷന്‍.
പ്രാദേശിക പ്രതിഭകളെയും നവീകരണത്തെയും പ്രോത്സാഹിപ്പിക്കുക, ദേശീയ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്ന നിലക്ക് ഉല്‍പ്പന്നങ്ങള്‍ ആഭ്യന്തരമായും അന്തര്‍ദേശീയമായും വിപണനം ചെയ്യാന്‍ കമ്പനികളെ പ്രാപ്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെ 2021 ല്‍ ആരംഭിച്ച മെയ്ഡ് ഇന്‍ സൗദി പ്രോഗ്രാം പ്രാദേശിക, ആഗോള തലങ്ങളില്‍ മുന്‍നിര വ്യാവസായിക ശക്തിയായി മാറാനും സൗദി ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപഭോക്തൃ വിശ്വാസം നേടാനുമുള്ള രാജ്യത്തിന്റെ അഭിലാഷത്തെ പ്രതിഫലിപ്പിക്കുന്നു.
സൗദി എണ്ണ ഇതര കയറ്റുമതിയുടെ വളര്‍ച്ചക്ക് ഈ പ്രോഗ്രാം സഹായിക്കുന്നു. എണ്ണ ഇതര കയറ്റുമതി 2024 ല്‍ സര്‍വകാല റെക്കോര്‍ഡ് ആയ 515 ബില്യണ്‍ റിയാലിലെത്തി. ഈ വര്‍ഷം ആദ്യ പകുതിയില്‍ ഇത് 307 ബില്യണ്‍ റിയാലിലെത്തി. വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന്റെ മൂലക്കല്ലായി വ്യവസായ മേഖല വഹിക്കുന്ന പങ്ക് ഇത് പ്രതിഫലിപ്പിക്കുന്നു.
മെയ്ഡ് ഇന്‍ സൗദി പ്രോഗ്രാം ദേശീയ വിജയഗാഥയായി മാറിയിട്ടുണ്ട്. പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ എണ്ണം 3,700 ഉം രജിസ്റ്റര്‍ ചെയ്ത ഉല്‍പ്പന്നങ്ങളുടെ എണ്ണം 19,000 ഉം കവിഞ്ഞിട്ടുണ്ട്. വെറും നാല് വര്‍ഷത്തിനുള്ളിലാണ് പ്രോഗ്രാം ഈ ഗണ്യമായ പുരോഗതി കൈവരിച്ചത്.
സൗദി ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണികളില്‍ എത്തിക്കുന്നതില്‍ സൗദി കയറ്റുമതി വികസന അതോറിറ്റിയുടെ ശ്രമങ്ങള്‍ പ്രശംസനീയമാണ്. സൗദി കയറ്റുമതി വികസന അതോറിറ്റി മുന്‍കൈയെടുത്ത് 108 കയറ്റുമതി കരാറുകളില്‍ ഒപ്പുവെച്ചു. ഇംപോര്‍ട്ട് ഫ്രം സൗദി സൗദി അറേബ്യ പ്ലാറ്റ്ഫോമില്‍ 433 പുതിയ ഇറക്കുമതിക്കാരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 21 രാജ്യങ്ങളിലേക്ക് വിജയകരമായി പ്രവേശിച്ച ഒമ്പത് കയറ്റുമതി സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് നല്‍കി. ഈ സ്ഥാപനങ്ങള്‍ 2025 ല്‍ 39 കോടി റിയാലിന്റെ കയറ്റുമതി നടത്തി.
എണ്ണയിതര കയറ്റുമതിക്ക് പിന്തുണ നല്‍കുന്നതില്‍ സൗദി എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് പ്രധാന പങ്ക് വഹിക്കുന്നു. സ്ഥാപിതമായതു മുതല്‍ കഴിഞ്ഞ സെപ്റ്റംബര്‍ അവസാനം വരെയുള്ള കാലയളവില്‍ ബാങ്ക് 100 ബില്യണിലേറെ റിയാലിന്റെ വായ്പകള്‍ നല്‍കി. ലോകമെമ്പാടുമായി 150 ലേറെ വിപണികളില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വ്യാപാര സ്ഥാപനങ്ങള്‍ക്ക് 500 കോടിയിലേറെ റിയാലിന്റെ വായ്പകള്‍ ബാങ്ക് നല്‍കിയിട്ടുണ്ട്.
മത്സരശേഷിയും ഉല്‍പ്പന്ന ഗുണനിലവാരവും വര്‍ധിപ്പിക്കാനും സ്വകാര്യ മേഖലാ പങ്കാളികളെ ശാക്തീകരിക്കാനും ബില്‍ഡിംഗ് എമ്പവര്‍മെന്റ് എന്ന ശീര്‍ഷകത്തിലാണ് ഈ വര്‍ഷത്തെ എക്‌സിബിഷന്‍ നടക്കുന്നത്. ഇത്തവണത്തെ എക്‌സിബിഷനില്‍ വിശിഷ്ടാതിഥി രാജ്യമായ സിറിയയില്‍ നിന്നുള്ള 25 കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു. ഇത് സാഹോദര്യ ബന്ധങ്ങളുടെ ആഴം പ്രതിഫലിപ്പിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാവസായിക, സാമ്പത്തിക സംയോജനത്തിന് വിശാലമായ ചക്രവാളങ്ങള്‍ തുറക്കുകയും ചെയ്യുന്നു.
പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള പങ്കാളിത്തം പ്രധാനമാണ്. മെയ്ഡ് ഇന്‍ സൗദി പ്രോഗ്രാമിന് സര്‍ക്കാര്‍ വകുപ്പുകളും സൗദി കമ്പനികളും നല്‍കുന്ന പിന്തുണയും, സൗദി കയറ്റുമതി വികസന അതോറിറ്റിയുടെയും എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നതില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെയും ശ്രമങ്ങളും പ്രശംസനീയമാണ്. ആഗോള തലത്തില്‍ മത്സരാധിഷ്ഠിതമായ ദേശീയ വ്യവസായത്തിലേക്കുള്ള പ്രയാണം സൗദി അറേബ്യ തുടരുമെന്നും വ്യവസായ, ധാതുവിഭവ മന്ത്രി പറഞ്ഞു.



