ദോഹ– ഫിഫ അറബ് കപ്പിന്റെ സെമിയിലേക്ക് കാലെടുത്തുവെക്കാൻ യുഎഇക്ക് വേണ്ടത് ഒരു വിജയം മാത്രം. നിലവിലെ ചാമ്പ്യന്മാരായ അൾജീരിയക്കെതിരെയാണ് യുഎഇ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനായി ഇന്നിറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 11 മണിക്ക് ( സൗദി / ഖത്തർ – 8:30 PM/ യുഎഇ – 9:30) ആണ് മത്സരം. റൊമാനിയൻ പരിശീലകനായ കോസ്മിൻ ഒലാരോയിയുടെ കീഴിൽ ഇറങ്ങുന്ന യുഎഇ ഇറാഖിനെതിരെ ഏറ്റ തോൽവിയാണ് അവസാനഘട്ട ലോകകപ്പ് യോഗ്യതയിലേക്കുള്ള അവസരം തടഞ്ഞത്. അതിൽ നിന്നെല്ലാം മറികടന്ന് വിജയത്തോടെ കീരിടം നേടുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഇന്ന് ബൂട്ട് കെട്ടുന്നത്. ഗ്രൂപ്പ് സിയിൽ അവസാന മത്സരത്തിൽ കുവൈത്തിനെ തോൽപ്പിച്ചാണ് ഗൾഫ് ശക്തികൾ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനക്കാരായ അൾജീരിയ അവസാന മത്സരത്തിൽ ഇറാഖിനെതിരെ നേടിയ വിജയമാണ് ക്വാർട്ടറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.
മറ്റൊരു ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ജോർദാൻ ഇറാഖിനെയും നേരിടും. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് ( ഖത്തർ / സൗദി – 5:30 PM) ആണ് മത്സരം. എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഗ്രൂപ്പ് റൗണ്ടിൽ മൂന്ന് മത്സരങ്ങളും വിജയിച്ച ഏക ടീമാണ് ജോർദാൻ. ആദ്യമായി ലോകകപ്പിന് പന്ത് തട്ടാൻ ഒരുങ്ങുന്ന ജോർദാന് ലക്ഷ്യം വെക്കുന്നത് ആദ്യ ഗൾഫ് കിരീടമാണ്. . മറു ഭാഗത്ത് മാർച്ചിൽ അവസാനഘട്ട ലോകകപ്പ് യോഗ്യതക്ക് ഒരുങ്ങുന്ന ഇറാഖും മോശക്കാരല്ല. മാർച്ചിൽ നടക്കുന്ന ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ ഒരു വിജയം മാത്രം മതി 2026 ലോകകപ്പ് ടിക്കറ്റ് ഉറപ്പിക്കാൻ.



