ജിദ്ദ– സൗദിയില്‍ അടുത്ത മാസം മുതല്‍ പാഴ്സല്‍ ഡെലിവറിക്ക് ദേശീയ വിലാസം നിര്‍ബന്ധമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വ്യക്തമാക്കി. പാഴ്‌സലുകളുടെ സുഗമമായ ഡെലിവറി ഉറപ്പാക്കുന്നതിന് ദേശീയ വിലാസം ആക്ടിവേറ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്ന് അതോറിറ്റി പറഞ്ഞു. ദേശീയ വിലാസം ഉള്‍പ്പെടുത്താത്ത പാഴ്‌സലുകളും കൊറിയറുകളും കൊറിയര്‍ കമ്പനികള്‍ സ്വീകരിക്കുന്നത് വിലക്കാനുള്ള തീരുമാനം അടുത്ത വര്‍ഷാദ്യം മുതല്‍ നടപ്പാക്കി തുടങ്ങുമെന്ന് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. പാഴ്‌സല്‍ ഡെലിവറി മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്.
ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക, ഡെലിവറി പ്രക്രിയകള്‍ വേഗത്തിലാക്കുക, കൊറിയര്‍മാരും ഉപഭോക്താക്കളും തമ്മിലുള്ള അനാവശ്യ ആശയവിനിമയം കുറക്കുക എന്നിവ ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നടപടിയുടെ ഭാഗമാണ് ഈ തീരുമാനമെന്ന് അതോറിറ്റി വിശദീകരിച്ചു. പാഴ്സല്‍ ഡെലിവറി കമ്പനികളുടെ പ്രവര്‍ത്തന പ്രക്രിയകളില്‍ കൃത്യതയുടെയും കാര്യക്ഷമതയുടെയും ഉയര്‍ന്ന നിലവാരം കൈവരിക്കാന്‍ ഇത് സഹായിക്കും. അബ്ശിര്‍, തവക്കല്‍നാ, സിഹതീ, സുബുല്‍ എന്നീ നാല് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ എല്ലാവര്‍ക്കും തങ്ങളുടെ ദേശീയ വിലാസം അറിയാന്‍ കഴിയുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി കൂട്ടിച്ചേര്‍ത്തു.



