ന്യൂഡൽഹി – സൗദി ശൂറാ കൗൺസിൽ സംഘം ഇന്ത്യൻ മന്ത്രിമാരുമായി കൂടിക്കാഴ്ചകൾ നടത്തി. ശൂറാ കൗൺസിൽ അംഗവും സൗദി-ഇന്ത്യൻ പാർലമെന്ററി സൗഹൃദ കമ്മിറ്റി ചെയർമാനുമായ മേജർ ജനറൽ ഡോ. അബ്ദുറഹ്‌മാൻ അൽഹർബിയുടെ നേതൃത്വത്തിലാണ് കമ്മിറ്റി അംഗങ്ങൾ മന്ത്രിമാരുമായി കൂടിക്കാഴ്ചകൾ നടത്തിയത്.
ന്യൂഡൽഹിയിൽ വിദേശ മന്ത്രാലയത്തിന്റെ ആസ്ഥാനത്തു വെച്ച് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ്ങുമായി സൗദി സംഘം സംവദിച്ചു. ഉഭയകക്ഷി ബന്ധങ്ങളും അവ ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള വഴികളും പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളും യോഗം ചർച്ച ചെയ്തു.
സൗദി ശൂറാ സംഘത്തിൽ ഡോ. ഉസ്മാൻ ഹികമി, ഡോ. അബ്ദുല്ല അൽവഖ്ദാനി എന്നിവരുമുണ്ടായിരുന്നു. ഇന്ത്യയിലെ സൗദി എംബസി ഉപദേഷ്ടാവ് റിയാദ് അൽകഅബിയും ഇന്ത്യൻ വിദേശ മന്ത്രാലയത്തിലെ ഏതാനും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ഇന്ത്യൻ പാർലമെന്ററി കാര്യ, ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവുമായി സൗദി സംഘം ഇന്ത്യൻ പാർലമെന്റിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പാർലമെന്ററി സഹകരണം വർധിപ്പിക്കാനുള്ള വഴികളും പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളും യോഗത്തിൽ വിശകലനം ചെയ്തു. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള പാർലമെന്ററി ബന്ധങ്ങളെ പിന്തുണക്കുന്ന നിലക്ക് പാർലമെന്ററി ഏകോപനം തുടരേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും എടുത്തുപറഞ്ഞു.



