ജിദ്ദ– ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോമായ അബ്ശിര്‍ പ്ലാറ്റ്ഫോം വഴി സന്ദര്‍ശകര്‍ക്ക് ലഭ്യമായ ഡിജിറ്റല്‍ ഐ.ഡി സൗദി അറേബ്യയിലെ ഔദ്യോഗികവും വിശ്വസനീയവുമായ രേഖയാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ആവശ്യമുള്ളപ്പോള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് മുന്നില്‍ തങ്ങളുടെ വിവരങ്ങള്‍ കാണിച്ചുകൊടുക്കാന്‍ അനുവദിക്കുന്ന സാധുവായ ഡിജിറ്റല്‍ തെളിവ് ഈ ഐ.ഡി സന്ദര്‍ശകര്‍ക്ക് നല്‍കുന്നു. നടപടിക്രമങ്ങള്‍ സുഗമമാക്കാനും സന്ദര്‍ശകര്‍ക്ക് കൂടുതല്‍ വഴക്കമുള്ള ഓപ്ഷനുകള്‍ നല്‍കാനും രേഖകളുടെ പേപ്പര്‍ പകര്‍പ്പുകള്‍ കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ള സുരക്ഷാ സേവന സംവിധാനത്തിന്റെ നിലവിലുള്ള സാങ്കേതിക വികസനത്തിന്റെയും ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെയും ഭാഗമാണ് ഈ ഡിജിറ്റല്‍ സേവനം.
സന്ദര്‍ശകരുടെ ഡിജിറ്റല്‍ ഐ.ഡി അവരുടെ അടിസ്ഥാന ഡാറ്റ സുരക്ഷിതമായി പ്രദര്‍ശിപ്പിക്കുന്നു. വേഗത്തിലുള്ള വെരിഫിക്കേഷനും നല്‍കുന്ന സേവനങ്ങളുടെ കാര്യക്ഷമതയും ഉറപ്പാക്കുന്ന നിലക്ക് സര്‍ക്കാര്‍ വകുപ്പുകള്‍ ആവശ്യപ്പെടുമ്പോഴും രാജ്യത്തിനുള്ളില്‍ യാത്ര ചെയ്യുമ്പോഴും ഡിജിറ്റല്‍ ഐ.ഡി ഉപയോഗിക്കാവുന്നതാണെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.



