അബുദാബി: കനത്തമഴയ്ക്കുശേഷം രാജ്യത്ത് ആരോഗ്യപ്രശ്നങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരോടും പ്രതിരോധനടപടികൾസ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിച്ചു.
തിമിർത്ത് പെയ്ത മഴയിൽ ഒട്ടേറെ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വെള്ളക്കെട്ടിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ആരോഗ്യം അപകടത്തിലാക്കും. വിനോദത്തിനായി കുട്ടികളെ വെള്ളത്തിലിറങ്ങി കളിക്കാൻ അനുവദിക്കരുത്. വെള്ളക്കെട്ട് വകവെക്കാതെ സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്നവർ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണം.
വെള്ളക്കെട്ടിൽ ഇറങ്ങുന്നവർ വളരെയധികം ജാഗ്രത പാലിക്കണം.ആരോഗ്യസുരക്ഷയ്ക്കായി വെള്ളത്തിൽനിന്ന് മാറിനിൽക്കേണ്ടത് അനിവാര്യമാണ്. അലർജി, ശരീരത്തിൽ മുറിവ്, ചർമസംബന്ധമായ രോഗം എന്നിവയുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം കയറിയ വീടുകൾ, വാഹനങ്ങൾ, കെട്ടിടങ്ങൾ എന്നിവ അണുവിമുക്തമാക്കണം.വെള്ളത്തിലിറങ്ങേണ്ട ആവശ്യം വന്നാൽ റബ്ബർബൂട്ടുകൾ, കൈയുറകൾ, കണ്ണട എന്നിവ ധരിക്കണം. അതിനുശേഷം സോപ്പ്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിച്ച് സ്വയം അണുവിമുക്തമാകണമെന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശിച്ചു.