ജിദ്ദ – ഓണ്‍ലൈനിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിരിച്ച് പൊതുവികാരം ഇളക്കിവിടാന്‍ ശ്രമിച്ച ആറു പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതായി ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ അറിയിച്ചു. പ്രതികളായ ആറു പേരെയും പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തിട്ടുണ്ട്. കേസില്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തിവരികയാണ്. കേസ് കോടതിയിലേക്ക് റഫര്‍ ചെയ്യാനുള്ള തയാറെടുപ്പിലാണ് അധികൃതർ. നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷകള്‍ പ്രതികള്‍ക്ക് പ്രഖ്യാപിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടും. ക്രമസമാധാനത്തിന് ഹാനികരമാകുന്നതോ മാധ്യമ നിയമങ്ങള്‍ ലംഘിക്കുന്നതോ ആയ ഒരു മാധ്യമ ഉള്ളടക്കവും അനുവദിക്കില്ല. നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജനറല്‍ അതോറിറ്റി ഫോര്‍ മീഡിയ റെഗുലേഷന്‍ വ്യക്തമാക്കി.
സൈബര്‍ കുറ്റകൃത്യ വിരുദ്ധ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 6, ഖണ്ഡിക 1 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്ന പ്രവൃത്തിയാണിത്. ക്രമസമാധാനത്തിനോ മതപരമായ മൂല്യങ്ങള്‍ക്കോ പൊതുധാര്‍മ്മികതക്കോ സ്വകാര്യ ജീവിതത്തിന്റെ പവിത്രതക്കോ ഹാനികരമായ എന്തും നിര്‍മ്മിക്കുകയോ തയാറാക്കുകയോ അയക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്ന ഏതൊരാള്‍ക്കും അഞ്ച് വര്‍ഷത്തില്‍ കൂടാത്ത തടവും മുപ്പതു ലക്ഷം റിയാലില്‍ കൂടാത്ത പിഴയും ശിക്ഷ നല്‍കണമെന്ന് സൈബര്‍ കുറ്റകൃത്യ വിരുദ്ധ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 6, ഖണ്ഡിക 1 അനുശാസിക്കുന്നു.



