ദോഹ– ഇന്ത്യയെ പ്രമുഖ വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായി ലോകത്തിന് മുന്നിൽ കൂടുതൽ ശക്തമായി അവതരിപ്പിച്ച ഇന്ത്യൻ എംബസിയും ഐബിപിസി ഖത്തറും ഖത്തർ ട്രാവൽ മാർട്ടിൽ തിളക്കമാർന്ന സാന്നിധ്യമായി. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ വേദിയായ ഖത്തർ ട്രാവൽ മാർട്ടിൽ ഇന്ത്യൻ അംബാസിഡർ വിപുലും ഗോവ ടൂറിസം മന്ത്രി രോഹൻ ഖൗണ്ടും ഉദ്ഘാടനം ചെയ്ത ഇന്ത്യ–ഗോവ പവിലിയനുകൾ ശ്രദ്ധ നേടി. ഗോവ ടൂറിസം ഡയറക്ടർ കേദാർ നാക്, ഗോവ ടൂറിസം മാർക്കറ്റിംഗ് വിഭാഗം ജനറൽ മാനേജർഗാവിൻ ഡയസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരം, പൈതൃകം, വൈവിധ്യമാർന്ന ടൂറിസം ഡെസ്റ്റിനേഷനുകൾ എന്നിവ പ്രദർശിപ്പിച്ച മനോഹരമായ പവലിയനൊപ്പം ഗോവയുടെ കടൽപ്പരപ്പും സംസ്കാരവും പരിചയപ്പെടുത്തുന്ന ഗോവയുടെ പ്രത്യേക പവിലിയൻ ഇവന്റിന്റെ ശ്രദ്ധ ആകർശിച്ചു . ഗോവയുടെ വെൽനെസ് ടൂറിസവും സമ്പന്നമായ കുലിനറി പൈതൃകവും ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന അനുഭവങ്ങളെ പവലിയനിലൂടെ സന്ദർശകരെ പരിചയപ്പെടുത്തി. ഗോവ ടൂറിസത്തിന്റെ സാധ്യതകളും നിക്ഷേപാവസരങ്ങളും വിശദീകരിച്ചുകൊണ്ട് മന്ത്രി ഖത്തറിലെ ടൂർ ഓപ്പറേറ്റർമാരുമായും ഇൻഫ്ലുവൻസർമാരുമായും ഗോവൻ സമൂഹവുമായും ആശയവിനിമയം നടത്തി. ഖത്തർ–ഇന്ത്യ വിനോദസഞ്ചാര ബന്ധം വലിയ തോതിൽ വളരുകയാണ്. ഖത്തറിൽ നിന്ന് ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ തിരഞ്ഞെടുത്തിടങ്ങളിൽ ഗോവ മുൻനിരയിൽ തന്നെ തുടരുകയാണെന്നും അംബാസഡർ വിപുൽ പറഞ്ഞു. ഇന്ത്യൻ സന്ദർശന അനുഭവങ്ങളെ കുറിച്ച് ഖത്തരി ട്രാവൽ ബ്ലോഗർ ഖാലിദ് ഘാഫൂരിയും സംസാരിച്ചു.



