അബുദാബി– യുഎഇയിലെ സംഗീതാസ്വാദകർക്ക് ഹരം പകരാൻ ഇന്ത്യൻ സംഗീതജ്ഞൻ എ.ആർ. റഹ്മാൻ അബുദാബിയിലെത്തുന്നു.
യു.എ.ഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നവംബർ 29ന് അബുദാബി ശൈഖ് സായിദ് ഫെസ്റ്റിവലിൽ ഒരുക്കുന്ന സംഗീത വിരുന്നിൽ യു.എ.ഇയുടെ ഐക്യം, സഹവർത്തിത്വം,പ്രതിരോധശേഷി, പ്രത്യാശ എന്നീ മൂല്യങ്ങളെ പ്രകീർത്തിക്കുന്ന ‘ജമാൽ അൽ ഇത്തിഹാദ്’ എന്ന പുതിയ സംഗീത ആൽബം അദ്ദേഹം പുറത്തിറക്കും.
റഹ്മാന്റെ സംഗീതത്തിൽ ഒരുങ്ങുന്നതാണ് ‘ജമാൽ അൽ ഇത്തിഹാദ്’. റഹ്മാന്റെ പ്ലാറ്റ്ഫോമുകളിൽ ഗാനം ഡിജിറ്റലായി പുറത്തിറങ്ങുന്നതോടെ ഈ വർഷത്തെ ഫെസ്റ്റിവലിലെ പ്രധാന ആകർഷണമായിരിക്കും ഈ പരിപാടി.
രണ്ടു തവണ ഓസ്കർ, ഗ്രാമി അവാർഡുകൾ നേടിയ റഹ്മാൻ തന്റെ ടീമി നൊപ്പം ആദ്യമായി ഈ ഗാനം ലൈവായി അവതരിപ്പിക്കും. കൂടാതെ സാംസ്കാരിക നൃത്തങ്ങളും ബാൻഡ് പെർഫോമൻസുകളും പരിപാടിക്ക് മാറ്റ് കൂട്ടും.
ലയാലി അൽ വത്ബ തിയറ്ററിൽ പരിപാടി സൗജന്യമായി ആസ്വദിക്കാം.രാത്രി 9.30ന് തുടങ്ങി 2 മണിക്കൂർ നീളുന്ന പരിപാടിയുടെ ഇടവേളയിൽ സന്ദർശകർക്കു 3 മിനിറ്റ് നീളുന്ന വെടിക്കെട്ടും ആസ്വദിക്കാം. ബുർജീൽ ഹോൾഡിങ്സിന്റെ സഹകരണത്തോടെയാണു പരിപാടി.
ശൈഖ് സായിദ് ഫെസ്റ്റിവലിലേക്കുള്ള പൊതു പ്രവേശനത്തിന് 10 ദിർഹമാണ് ടിക്കറ്റ് നിരക്ക്.

