ജിദ്ദ – സാമ്പത്തിക പരിഷ്‌കാര സംസ്‌കാരം ആഗോള തലത്തില്‍ പ്രചരിപ്പിക്കാനുള്ള വൈജ്ഞാനിക കേന്ദ്രം സ്ഥാപിക്കാന്‍ ലോക ബാങ്ക് സൗദി അറേബ്യയെ തെരഞ്ഞെടുത്തു. ആഗോള തലത്തില്‍ സാമ്പത്തിക പരിഷ്‌കാര സംസ്‌കാരം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദിയില്‍ വൈജ്ഞാനിക കേന്ദ്രം സ്ഥാപിക്കുമെന്ന് ലോക ബാങ്കും നാഷണല്‍ കോംപറ്റിറ്റീവ്‌നെസ് സെന്ററും അറിയിച്ചു. ഇതിനുള്ള കരാറില്‍ വാണിജ്യ മന്ത്രിയും നാഷണല്‍ കോംപറ്റിറ്റീവ്‌നെസ് സെന്റര്‍ ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റുമായ ഡോ. മാജിദ് അല്‍ഖസബിയും ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് അജയ് ബാംഗയും വാഷിംഗ്ടണില്‍ ഒപ്പുവെച്ചു. അമേരിക്കയിലെ സൗദി അംബാസഡര്‍ റീമ ബിന്‍ത് ബന്ദര്‍ രാജകുമാരി, ലോക ബാങ്ക് ഗ്രൂപ്പ് ചീഫ് ഇക്കണോമിസ്റ്റും ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് സീനിയര്‍ വൈസ് പ്രസിഡന്റുമായ ഡോ. ഇന്ദര്‍മീത് ഗില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പിന്തുണയോടെയും നിര്‍ദേശങ്ങളോടെയും നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫലമായി ആഗോള മത്സരക്ഷമതാ റിപ്പോര്‍ട്ടുകളിലും സൂചകങ്ങളിലും സൗദി അറേബ്യ കൈവരിച്ച സുപ്രധാന പുരോഗതിയുടെ സ്ഥിരീകരണമാണ് സാമ്പത്തിക പരിഷ്‌കാര സംസ്‌കാര പ്രചരണത്തിന് സൗദിയില്‍ സെന്റര്‍ സ്ഥാപിക്കാനുള്ള ലോക ബാങ്കിന്റെ തീരുമാനമെന്ന് ഡോ. മാജിദ് അല്‍ഖസബി പറഞ്ഞു.


സൗദിയില്‍ സ്ഥാപിക്കാന്‍ ആലോചിക്കുന്ന വൈജ്ഞാനിക കേന്ദ്രം മത്സരക്ഷമതാ മേഖലയില്‍ പ്രാദേശികവും ആഗോളവുമായ കൂടുതല്‍ സഹകരണത്തിന് വഴിയൊരുക്കും. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ സൗദി അറേബ്യയുടെ അനുഭവം പ്രയോജനപ്പെടുത്താനും 50 വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന ലോക ബാങ്ക് പരിചയസമ്പത്ത് പ്രയോജനപ്പെടുത്താനും ഇത് അവസരമൊരുക്കുമെന്നും ഡോ. മാജിദ് അല്‍ഖസബി പറഞ്ഞു.
സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ ഏഴു വര്‍ഷത്തെ മുന്‍നിര അനുഭവം കണക്കിലെടുത്താണ് സാമ്പത്തിക പരിഷ്‌കാര സംസ്‌കാര പ്രചരണ സെന്റര്‍ സ്ഥാപനത്തിന് ലോക ബാങ്ക് സൗദി അറേബ്യയെ തെരഞ്ഞെടുത്തത്. 2019 ല്‍ നാഷണല്‍ കോംപറ്റിറ്റീവ്‌നെസ് സെന്റര്‍ സ്ഥാപിച്ച ശേഷം ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായുള്ള സംയോജനത്തിലൂടെ 800 ലേറെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കാന്‍ സെന്ററിന് സാധിച്ചിട്ടുണ്ട്.



