അൽ ഐൻ– ഒരാഴ്ച നീണ്ടുനിൽക്കുന്ന അൽ ഐൻ പുസ്തകോത്സവത്തിന് തിങ്കളാഴ്ച തുടക്കമാകും. 16-ാമത് അൽ ഐൻ പുസ്തകോത്സവത്തിനാണ് തുടക്കം കുറിക്കുന്നത്. അൽ ഐൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ ഹസ്സ ബിൻ സായിദ് സ്റ്റേഡിയമുൾപ്പടെയുള്ള പ്രധാന സാംസ്കാരിക വേദികളിലാണ് പരിപാടികൾ നടക്കുക.
സാഹിത്യം, കവിത, സർഗാത്മകത എന്നീ പരിപാടികൾ ഫെസ്റ്റിവലിൽ നടക്കും. ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിലെ പ്രധാന വേദിക്ക് പുറമെ,ഖസർ അൽ മുവൈജി, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ അൽ ഐനിലുടനീളമുള്ള പ്രമുഖ സാംസ്‌കാരിക കേന്ദ്രങ്ങളിലും പരിപാടികൾ അരങ്ങേറും. ഈ വർഷം പ്രദർശകരുടെ എണ്ണത്തിൽ 10 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. 220 പേരാണ് പങ്കെടുക്കുന്നത്. ഇവരിൽ 18 ശതമാനം പേർ ആദ്യമായി പങ്കെടുക്കുന്നവരാണ്.



