വാഷിങ്ടൺ– റഷ്യയുമായി വ്യാപാര ബന്ധം തുടരുന്ന ഏതൊരു രാജ്യത്തിനെതിരെയും കർശന ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്കെതിരായ ഉപരോധങ്ങൾ കൂടുതൽ കർക്കശമാക്കാൻ റിപ്പബ്ലിക്കൻ നിയന്ത്രിത കോൺഗ്രസ് നീക്കം തുടങ്ങിയിരിക്കുകയാണ്. ഇതിനിടെയാണ് ട്രംപിന്റെ ഈ പ്രസ്താവന.
റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് ട്രംപ് വ്യക്തമാക്കി. നേരത്തെ ഇന്ത്യൻ റിഫൈനറികൾ വാങ്ങുന്ന റഷ്യൻ എണ്ണയ്ക്ക് 25% അധിക തീരുവ ചുമത്താനുള്ള നിർദേശം അദ്ദേഹം മുന്നോട്ടുവച്ചിരുന്നു.
അതേസമയം, റഷ്യൻ എണ്ണയും ഉൽപ്പന്നങ്ങളും വാങ്ങുന്നതിനോ പുനർവിൽപ്പന നടത്തുന്നതിനോ 500% വരെ തീരുവ ഏർപ്പെടുത്തുന്ന ബിൽ സെനറ്റർ ലിൻഡ്സി ഗ്രഹാം സെനറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. സെനറ്റ് വിദേശകാര്യ സമിതിയിൽ ഈ നിർദേശത്തിന് ഏകദേശം ഐക്യകണ്ഠമായ പിന്തുണ ലഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അമേരിക്കയിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ ജനരോഷം ശക്തമായതോടെ, ബീഫ്, കാപ്പി, തക്കാളി, പഴങ്ങൾ, തേയില, കൊക്കോ, മസാലകൾ, ചില കാർഷിക വളങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് മുമ്പ് ഏർപ്പെടുത്തിയ അധിക തീരുവ പിൻവലിച്ച് പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടു.
കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 10%ൽ കൂടുതൽ വിലവർധനവ് ഉണ്ടായ ഉൽപ്പന്നങ്ങളാണ് ഈ ഇളവിന് അർഹത നേടിയത്. ന്യൂയോർക്ക്, ന്യൂജേഴ്സി, വിർജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവർണർ-ലെഫ്റ്റനന്റ് ഗവർണർ തെരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻമാർക്കേറ്റ തിരിച്ചടിയും സ്വന്തം പാർട്ടിക്കുള്ളിൽപ്പോലും ഉയർന്ന വിമർശനവും ട്രംപിനെ ഈ തീരുമാനത്തിലേക്ക് നയിച്ചു.
ബ്രസീൽ, ഇക്വഡോർ, ഗ്വാട്ടമാല, എൽ സാൽവഡോർ, അർജന്റീന തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്കാണ് ഈ തീരുവ ഇളവിൽ നിന്ന് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുക.
അതേസമയം, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. കരാർ യാഥാർഥ്യമായാൽ ഇന്ത്യൻ കയറ്റുമതി ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ കുറഞ്ഞ തീരുവ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



