പട്ന– നിതീഷ് കുമാർ ജെഡിയു നേതാവായി മുഖ്യമന്ത്രി സ്ഥാനം നിലനിർത്തുമെങ്കിലും പുതിയ ബിഹാർ മന്ത്രിസഭയിൽ ബിജെപിക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്ന് റിപ്പോർട്ട്. അമിത് ഷായുടെ നേതൃത്വത്തിലുള്ള എൻഡിഎ യോഗത്തിലെ അന്തിമ ധാരണയനുസരിച്ച് ബിജെപിയിൽ നിന്ന് 15-16 മന്ത്രിമാരും ജെഡിയുവിൽ നിന്ന് 14 പേരും ഉൾപ്പെടുമെന്നാണ് വിവരം.
നിതീഷ് കുമാറിന്റെ പത്താം മുഖ്യമന്ത്രി സത്യപ്രതിജ്ഞയെ മെഗാ ഇവന്റാക്കി മാറ്റാനാണ് നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കുന്നതിനാൽ അദ്ദേഹത്തിന്റെ സൗകര്യാർഥം തീയതി തീരുമാനിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ജയ്‌സ്വാൾ വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ ഔദ്യോഗിക പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ ഞായറാഴ്ച വൈകീട്ട് ഗവർണർക്ക് കൈമാറും.
നവംബർ 6, 11 തീയതികളിലെ രണ്ട് ഘട്ട തിരഞ്ഞെടുപ്പിൽ ബിജെപി 89 സീറ്റുകളും ജെഡിയു 85 സീറ്റുകളും കരസ്ഥമാക്കി. എൻഡിഎ സഖ്യകക്ഷിയായ ലോക് ജൻ ശക്തി പാർട്ടി (രാം വിലാസ്) 19 സീറ്റുകളോടെ മൂന്ന് കാബിനറ്റ് പദവികൾക്ക് യോഗ്യത നേടിയേക്കും. ജിതൻ റാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) അഞ്ച് സീറ്റുകളുമായി ഒരു മന്ത്രിപദം പ്രതീക്ഷിക്കുന്നു. ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്ട്രീയ ലോക് മോർച്ച നാല് സീറ്റുകളോടെ ഒരു സ്ഥാനത്തിന് അർഹതയുണ്ട്. ആറ് എംഎൽഎമാർക്ക് ഒരു മന്ത്രിപദം എന്ന നിയമവും സ്വീകരിച്ചു. സത്യപ്രതിജ്ഞ നവംബർ 19 അല്ലെങ്കിൽ 20-ന് നടക്കാൻ സാധ്യത.
വെള്ളിയാഴ്ച പ്രഖ്യാപിച്ച ഫലപ്രകാരം എൻഡിഎ 202 സീറ്റുകൾ സ്വന്തമാക്കി വിജയിച്ചു. 95% സ്ട്രൈക്ക് റേറ്റോടെ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നു. ആർജെഡി, കോൺഗ്രസ്, ഇടതുപാർട്ടികൾ അടങ്ങുന്ന മഹാസഖ്യം 35 സീറ്റുകൾക്ക് മുകളിലെത്താതെ പരാജയപ്പെട്ടു. 238 സീറ്റുകളിൽ മത്സരിച്ചിട്ടും പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി അക്കൗണ്ട് തുറക്കാതെ പുറത്തായി. എഐഎംഐഎം അഞ്ച് സീറ്റുകൾ നേടി.



