റിയാദ്- ടിക്കറ്റും ബോര്‍ഡിംഗ് പാസും ലഗേജില്‍ വെച്ച് നാട്ടിലേക്ക് യാത്ര തിരിച്ച ഉംറ തീര്‍ഥാടക റിയാദില്‍ കുടുങ്ങിയത് ആറു ദിവസം. ജിദ്ദയില്‍ നിന്ന് റിയാദ് വഴി കൊച്ചിയിലേക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ നാട്ടിലേക്ക് പോവുകയായിരുന്ന കോയമ്പത്തൂര്‍ സ്വദേശിനി റഹ്മതുന്നിസക്കാണ് പാസ്‌പോര്‍ട്ടും ബോര്‍ഡിംഗ് പാസും ലഗേജില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയത്.
ജിദ്ദയില്‍ നിന്ന് റിയാദ് വഴി കൊച്ചിയിലേക്കാണ് ഉംറ ഗ്രൂപ് ഇവര്‍ക്ക് ടിക്കറ്റ് എടുത്ത് നല്‍കിയിരുന്നത്. ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് ബോര്‍ഡിംഗ് പാസെടുത്ത ശേഷം വിമാനത്തില്‍ കയറാനിരിക്കെ ഡോറിനരികില്‍ വെച്ച് അവരുടെ ഹാന്‍ഡ് ബാഗ് ലഗേജിലേക്ക് വെക്കാനായി ഉദ്യോഗസ്ഥര്‍ മാറ്റിവെച്ചു. മറ്റൊരു ചെറിയ ബാഗും ആദ്യമേ ലഗേജിലുണ്ടായിരുന്നു. റിയാദ് ആഭ്യന്തര വിമാനത്താവളത്തിലെത്തിയപ്പോള്‍ ഡോറിനരികില്‍ പിടിച്ചുവെച്ച ഹാന്‍ഡ് ബാഗ് കാണാനുണ്ടായിരുന്നില്ല. ചെക്ക്ഡ് ലഗേജ് ലഭിക്കുകയും ചെയ്തു. എത്ര അന്വേഷിച്ചിട്ടും ഫലമുണ്ടായിരുന്നില്ല. തുടര്‍ന്ന് മുഹമ്മദ് ഫഹദ് എന്ന അവരുടെ നാട്ടുകാരനെ ഉംറ ഗ്രൂപ് മാനേജര്‍ നാട്ടില്‍ നിന്ന് വിവരമറിയിച്ചു. അവര്‍ വിഷയം എക്‌സില്‍ കുറിച്ചു. ഇത് ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍ പെട്ടു. എംബസി റിയാദിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ ശിഹാബ് കൊട്ടുകാടിനോട് വിഷയത്തിലിടപെടാന്‍ ആവശ്യപ്പെട്ടു. ഷൈജു തോമസ് നിലമ്പൂരിനൊപ്പം ശിഹാബ് കൊട്ടുകാട് വിമാനത്താവളത്തിലെത്തി സൗദി എയര്‍ലൈന്‍സ് മാനേജറെ കണ്ടു വിഷയം ബോധിപ്പിച്ചു. പരിശോധന നടത്തിയിട്ടും ബാഗ് കണ്ടെത്താനായില്ല. ജിദ്ദ ഓഫീസിലും അറിയിപ്പ് നല്‍കി. ബാഗ് കണ്ടെത്താനായില്ല. പിന്നീട് ഇന്ത്യന്‍ എംബസി ഇവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് എടുത്ത് നല്‍കിയതിന് ശേഷം സൗദി എയര്‍ലൈന്‍സ് മാനേജര്‍ നല്‍കിയ ടിക്കറ്റില്‍ ഇവര്‍ ആറു ദിവസത്തിന് ശേഷം ഇന്ന് നാട്ടിലേക്ക് തിരിച്ചു. പാസ്‌പോര്‍ട്ടും ബോര്‍ഡിംഗ് പാസും ഹാന്‍ഡ് ബാഗിലാണ് വെക്കേണ്ടതെന്നും ബാഗുകള്‍ ലഗേജിലേക്കോ മറ്റോ മാറ്റുകയാണെങ്കില്‍ രേഖകള്‍ കയ്യിലെടുക്കാന്‍ മറക്കരുതെന്നും ശിഹാബ് കൊട്ടുകാട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group