ജിദ്ദ – ഹുർമുസ് കടലിടുക്കിൽ വെച്ച് മാർഷൽ ഐലൻഡ്സ് പതാക വഹിച്ച എണ്ണ ടാങ്കർ ഇറാൻ പിടിച്ചെടുത്തതായി അമേരിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞു. മാസങ്ങൾക്കുശേഷം പിടിച്ചെടുത്ത കപ്പലിനെ ഇറാൻ പ്രദേശിക ജലാതിർത്തിയിലേക്ക് മാറ്റി. ജൂണിൽ തങ്ങളുടെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിന് തിരിച്ചടിക്കുമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും എണ്ണ ടാങ്കർ പിടിച്ചെടുത്തതായി ഇറാൻ അംഗീകരിച്ചിട്ടില്ല.
യു.എ.ഇ അജ്മാനിൽ നിന്ന് സിംഗപ്പൂരിലേക്ക് പോകുന്നതിനിടെ തലാര എന്ന കപ്പൽ വെള്ളിയാഴ്ചയാണ് ഇറാൻ സൈന്യം തടഞ്ഞതെന്ന് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. കപ്പൽ ഉണ്ടായിരുന്ന പ്രദേശത്തിന് മുകളിൽ വെള്ളിയാഴ്ച യുഎസ് നേവി എം.ക്യു-4സി ട്രൈറ്റൺ ഡ്രോൺ കപ്പൽ പിടിച്ചെടുക്കുന്നത് നിരീക്ഷിച്ചതായി ഫ്ളൈറ്റ്-ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു. മൂന്ന് ചെറിയ ബോട്ടുകൾ ചേർന്നാണ് എണ്ണ ടാങ്കറിനു നേരെ ആക്രമണം നടത്തിയതെന്ന് സ്വകാര്യ സുരക്ഷാ സ്ഥാപനമായ ആംബ്രേ പറഞ്ഞു.
ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ സംഭവം നടന്നതായി സ്ഥിരീകരിച്ചു. ആക്രമണം തലാരയെ ഇറാൻ പ്രദേശിക ജലാശയത്തിലേക്ക് മാറാൻ നിർബന്ധിതമാക്കിയതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ പറഞ്ഞു. ഹൈ സൾഫർ ഗ്യാസ് ഓയിൽ വഹിക്കുന്ന ടാങ്കറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി സൈപ്രസ് ആസ്ഥാനമായുള്ള കൊളംബിയ ഷിപ്പ്മാനേജ്മെന്റ് പിന്നീട് പ്രസ്താവനയിൽ പറഞ്ഞു. കമ്പനി ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കുകയും, കപ്പലുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ സമുദ്ര സുരക്ഷാ ഏജൻസികളും കപ്പൽ ഉടമയും ഉൾപ്പെടെ എല്ലാ ബന്ധപ്പെട്ട കക്ഷികളുമായും ചേർന്ന് പ്രവർത്തിക്കുന്നതായും സ്ഥാപനം പറഞ്ഞു. ജീവനക്കാരുടെ സുരക്ഷക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും കമ്പനി പറഞ്ഞു.
2019ൽ എണ്ണ ടാങ്കറുകൾക്ക് കേടുപാടുകൾ വരുത്തിയ മൈൻ ആക്രമണങ്ങളുടെ പരമ്പരക്കും 2021 ൽ രണ്ട് യൂറോപ്യൻ കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ട ഇസ്രായിൽ ബന്ധമുള്ള എണ്ണ ടാങ്കറിന് നേരെയുണ്ടായ മാരകമായ ഡ്രോൺ ആക്രമണത്തിനും യു.എസ് നാവികസേന ഇറാനെ കുറ്റപ്പെടുത്തിയിരുന്നു. ലോകശക്തികളുമായുള്ള ഇറാന്റെ 2015 ലെ ആണവ കരാറിൽ നിന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ആദ്യ ടേമിൽ ഏകപക്ഷീയമായി പിന്മാറിയതിന് ശേഷമാണ് ആക്രമണങ്ങൾ ആരംഭിച്ചത്.
2022 മെയ് മാസത്തിൽ ഇറാൻ രണ്ട് ഗ്രീക്ക് ടാങ്കറുകൾ പിടിച്ചെടുത്ത് ആ വർഷം നവംബർ വരെ കൈവശം വെച്ചിരുന്നു. ഇതായിരുന്നു എണ്ണ ടാങ്കറുകൾക്കെതിരായ ഇറാന്റെ ഏറ്റവും ഒടുവിലത്തെ പ്രധാന ആക്രമണം. ഗാസ മുനമ്പിൽ ഇസ്രായിൽ ആക്രമണത്തിനിടെ കപ്പലുകൾ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള ഹൂത്തികളും ആക്രമണങ്ങൾ നടത്തി. ഇത് നിർണായകമായ ചെങ്കടൽ ഇടനാഴിയിലെ കപ്പൽ ഗതാഗതം ഗണ്യമായി കുറച്ചു.
ജൂണിൽ ഇറാന്റെ ആണവായുധ കേന്ദ്രങ്ങളിലേക്ക് പ്രകോപനങ്ങളൊന്നും ഇല്ലാതെ ഇസ്രായിൽ ആക്രമണം നടത്തിയ ശേഷം ഇരു രാജ്യങ്ങളും 12 ദിവസത്തോളം യുദ്ധത്തിൽ ഏർപ്പെട്ടിരുന്നു. ഗൾഫ് ഉൾക്കടലിന്റെ ഇടുങ്ങിയ മുഖമായ ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ഇറാൻ വളരെക്കാലമായി ഭീഷണിപ്പെടുത്തുന്നു. ഇത് വഴിയാണ് ആഗോള എണ്ണ വ്യാപാരത്തിന്റെ 20 ശതമാനം കടന്നുപോകുന്നത്. ജലപാതകൾ തുറന്നിടാനായി യു.എസ് നാവികസേന ബഹ്‌റൈൻ ആസ്ഥാനമായുള്ള അഞ്ചാമത് കപ്പൽപട വഴി മിഡിൽഈസ്റ്റിൽ വളരെക്കാലമായി പട്രോളിംഗ് നടത്തുന്നുണ്ട്.



