കൊച്ചി– രാധാകൃഷ്ണന്‍ ചാക്യാട്ട് ഫോട്ടോഗ്രഫി പ്രഥമ പുരസ്‌ക്കാരം പ്രമുഖ യുവ ഫോട്ടോഗ്രാഫർ ഷിറാസ് സിതാരയ്ക്ക്. ഫ്യുജി ഫിലിമുമായി ചേര്‍ന്ന് ഇന്‍സൈറ്റ് ഫോട്ടോഗ്രഫി ക്ലബ് ‘പിക്ടോറിയല്‍’ എന്ന പ്രമേയത്തിൽ നടത്തിയ മത്സരത്തിൽ ഒന്നാം സമ്മാനമായ അരലക്ഷം രൂപയാണ് ഷിറാസ് സ്വന്തമാക്കിയത്. ‘ദി ലാസ്റ്റ് ലീഫ്’ എന്ന ചിത്രത്തിനാണ് പുരസ്‌ക്കാരം. തിക്കോടി കടപ്പുറത്ത് വെള്ളമൊഴുകിയുണ്ടായ ചാലിന്റെ കാഴ്ച മരങ്ങളാണെന്ന് തോന്നുകയും അതില്‍ നിന്നും വീണതാണെന്ന് അനുഭവിപ്പിക്കുന്ന ഇലയുമാണ് ചിത്രം പ്രകൃതി ഷിറാസിന്റെ ക്യാമറ്ക്ക് വേണ്ടി മാത്രമായി ഒറ്റ സെക്കന്റ് ഒരുക്കിവെച്ചത് പോലെയുള്ള ദൃശ്യമായിരുന്നുവെന്ന് വിലയിരുത്തപ്പെട്ടു.
നിരവധി ഫോട്ടോഗ്രഫി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള ഷിറാസ് ഫോട്ടോഗ്രഫിയെ ഹോബിക്കപ്പുറം ജീവിതം തന്നെയായി കാണുന്ന ഫോട്ടോഗ്രാഫർ ആണ്. കോഴിക്കോട് ജില്ലയിലെ പയ്യോളി സ്വദേശി. ഒന്നരപ്പതിറ്റാണ്ടിലേറെയായി ഖത്തറില്‍ പ്രവാസിയാണ്. പയ്യോളി ജി വി എച്ച് എസ് എസ്, മടപ്പള്ളി ഗവണ്‍മെന്റ് കോളജ്, കോട്ടയം പ്രസ്‌ക്ലബ്ബിന്റെ ജേര്‍ണലിസം ആന്റ് വിഷ്വല്‍ കമ്യൂണിക്കേഷന്‍സ് എന്നിവിടങ്ങളില്‍ പഠനം. ഡോ. മുനീറ ഇബ്രാഹിം ആണ് പങ്കാളി. വിദ്യാര്‍ഥിയായ അബ്ദുല്‍ ഹാദിയാണ് മകന്‍.
രണ്ടാം സമ്മാനമായ കാല്‍ ലക്ഷം രൂപ വിനോദ് അത്തോളിയും മൂന്നാം സമ്മാനമായ പതിനായിരം രൂപ സുനി നീലവും നേടി. സമാശ്വാസ സമ്മാനമായ അയ്യായിരം രൂപ വീതം അവ്‌ര, ബോണി എം കലാം, സജീവ് വാസദിനി എന്നിവരും നേടി.


പ്രഗത്ഭ ഫോട്ടോഗ്രാഫറായിരുന്ന രാധാകൃഷ്ണന്‍ ചക്യാട്ട് 2025 മെയ് 23നാണ് പൂനെയില്‍ അന്തരിച്ചത്. തൃപ്പൂണിത്തുറ, തേവരക്കാവ് സ്വദേശി. സംസ്‌കൃതം സ്‌കൂളിലും തേവര എസ് എച്ച് കോളജിലും പഠനം പൂര്‍ത്തിയാക്കി മുംബൈയില്‍ സ്റ്റുഡിയോ ആരംഭിച്ചു. അമിതാഭ് ബച്ചന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, നസ്‌റുദ്ദീന്‍ ഷാ, രാഹുല്‍ ദ്രാവിഡ്, തമന്ന തുടങ്ങി ഇന്ത്യയിലെ അതിപ്രശസ്തരുടെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. കാഡ്ബറി, താജ് ഹോട്ടല്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, റോക്ക, റാഡിസണ്‍ ബ്ലൂ, ക്ലബ് മഹീന്ദ്ര, ടാറ്റ കമ്യൂണിക്കേഷന്‍സ് തുടങ്ങി ഇന്ത്യയിലെ പ്രമുഖ പരസ്യ ഏജന്‍സികള്‍ക്കും കോര്‍പറേറ്റുകള്‍ക്കുമായി ക്യാമറ പ്രവര്‍ത്തിപ്പിച്ചു.
റഫീക്ക് സെയ്ദിന്റെ സഹായിയായി മുംബൈയില്‍ ഫോട്ടോഗ്രഫി ജീവിതം തുടങ്ങിയ രാധാകൃഷ്ണന്‍ ചാക്യാട്ട് പിന്നീട് ട്രാവല്‍, വെഡ്ഡിംഗ്, സെലിബ്രിറ്റി, പരസ്യം രംഗങ്ങളിലെ മികവുറ്റ ഫോട്ടോഗ്രാഫറായി മാറുകയായിരുന്നു. ഫോട്ടോഗ്രഫി തത്പരര്‍ക്കായി പൂനെ ആസ്ഥാനമായി പിക്‌സല്‍ വില്ലേജ് എന്ന സ്ഥാപനം ആരംഭിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ളിയില്‍ ഡേവിഡ് എന്ന കഥാപാത്രമായി വേഷമിട്ടിരുന്നു.



