ജിദ്ദ – നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ച്, ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സില്‍ നിന്നുള്ള ഉന്നതതല വ്യവസായ സംഘത്തിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് തുടക്കം. ഉഭയകക്ഷി നിക്ഷേപ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും നിക്ഷേപ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കാനും വിദേശത്ത് സൗദി നിക്ഷേപങ്ങളെ പിന്തുണക്കാനുമായി സൗദി സംഘം ഇന്ത്യയിലെ പൊതു, സ്വകാര്യ മേഖലകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും വ്യവസായികളുമായും കൂടിക്കാഴ്ചകള്‍ നടത്തും. 50 ലേറെ പ്രമുഖ സൗദി നിക്ഷേപകരും സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളും പ്രതിനിധി സംഘത്തിലുണ്ട്.
അന്താരാഷ്ട്ര സാമ്പത്തിക പങ്കാളിത്തം മെച്ചപ്പെടുത്താനും ദേശീയ സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും ഉയര്‍ന്ന നിലവാരമുള്ള നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കാനും ലക്ഷ്യമിടുന്ന വിഷന്‍ 2030 ന്റെ അഭിലാഷ ലക്ഷ്യങ്ങളുമായി സൗദി സംഘത്തിന്റെ ഇന്ത്യ സന്ദര്‍ശനം ഒത്തുപോകുന്നു. വ്യാപാര സഹകരണത്തിന്റെയും സാമ്പത്തിക പങ്കാളിത്തത്തിന്റെയും മേഖലകള്‍ പര്യവേക്ഷണം ചെയ്യാനായി സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ആശയവിനിമയം വളര്‍ത്തിയെടുക്കാനും നിക്ഷേപ അവസരങ്ങള്‍ പ്രദര്‍ശിപ്പിക്കാനും സന്ദര്‍ശനം സഹായിക്കും.
ഓട്ടോമോട്ടീവ്, സ്റ്റാര്‍ട്ടപ്പുകള്‍, ഇന്നൊവേഷന്‍, ഗവേഷണവും വികസനവും, ഫാര്‍മസ്യൂട്ടിക്കല്‍സ്, ആരോഗ്യ പരിചരണം, യന്ത്രസാമഗ്രികള്‍, ഉപകരണങ്ങള്‍, ഖനനം, റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണം, ഊര്‍ജം, പെട്രോകെമിക്കല്‍സ്, കൃഷി, ഭക്ഷ്യവസ്തുക്കള്‍, ആശയവിനിമയം, വിവരസാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെ 11 സാമ്പത്തിക മേഖലകളില്‍ സൗദി-ഇന്ത്യ ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ന്യൂഡല്‍ഹി, മുംബൈ, വിശാഖപട്ടണം എന്നീ മൂന്ന് നഗരങ്ങളിലായി നടക്കുന്ന യോഗങ്ങളുടെയും സംയുക്ത സാമ്പത്തിക, നിക്ഷേപ പ്രോഗ്രാമുകളുടെയും വലിയ പരിപാടിയാണ് സൗദി പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശന അജണ്ട. സൗദി അറേബ്യയിലെയും ഇന്ത്യയിലെയും നിക്ഷേപ അവസരങ്ങള്‍, പ്രോത്സാഹനങ്ങള്‍, ബിസിനസ് അന്തരീക്ഷം, ലക്ഷ്യമിട്ട സാമ്പത്തിക മേഖലകളിലെ പങ്കാളിത്ത അവസരങ്ങള്‍, സുപ്രധാന കരാറുകളില്‍ ഒപ്പുവെക്കല്‍ എന്നിവ ഈ പരിപാടികളില്‍ ചര്‍ച്ച ചെയ്യപ്പെടും.
മന്ത്രിതല സമ്മേളനം, സൗദി-ഇന്ത്യ നിക്ഷേപ ഫോറം, ഓട്ടോമോട്ടീവ് മേഖലക്കുള്ള പ്രത്യേക ഫോറം, സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭക കമ്പനികള്‍ക്കുമുള്ള മറ്റൊരു ഫോറം, സൗദി-ഇന്ത്യ നിക്ഷേപ ശില്‍പശാല, ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍, സൗദി വിഷന്‍ 2030 ചട്ടക്കൂടിനുള്ളില്‍ പ്രധാന നിക്ഷേപ അവസരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സെമിനാര്‍ എന്നിവ പരിപാടികളില്‍ ഉള്‍പ്പെടും.
സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാനും അതുവഴി സുസ്ഥിര വികസനത്തിന് സഹായിക്കാനും കൂടുതല്‍ സമ്പന്നമായ സാമ്പത്തിക ഭാവിക്കായുള്ള പങ്കിട്ട അഭിലാഷങ്ങള്‍ കൈവരിക്കാനുമുള്ള ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സിന്റെ പ്രതിബദ്ധതയാണ് ഈ സന്ദര്‍ശനം പ്രതിഫലിപ്പിക്കുന്നത്. സൗദി അറേബ്യക്കും ഇന്ത്യക്കുമിടയില്‍ ശക്തമായ സാമ്പത്തിക ബന്ധങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം സൗദി-ഇന്ത്യ വ്യാപാര വിനിമയം 149.8 ബില്യണ്‍ റിയാലിലെത്തി. ഇതില്‍ 102.3 ബില്യണ്‍ റിയാല്‍ കയറ്റുമതിയും 47.5 ബില്യണ്‍ റിയാല്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയുമായിരുന്നു.



