ഷാർജ– വധശ്രമമുൾപ്പെടെ ജീവിതത്തിൽ നേരിട്ടത് കടുത്ത പരീക്ഷണങ്ങളായിരുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ഇ.പി.ജയരാജൻ. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലെ റൈറ്റേഴ്‌സ് ഫോറത്തിൽ ആത്മകഥയായ ‘ഇതാണെന്റെ ജീവിതം’ സംബന്ധിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാർഥ ആത്മകഥ പ്രസിദ്ധീകരിച്ചതോടെ അത് ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. വ്യക്തിഹത്യയിലൂടെ തളർന്നുപോകില്ലെന്നും ഇതാണെന്റെ ജീവിതമെന്നുമാണ് പുസ്തകത്തിലൂടെ പറയുന്നത്. ഇനിയുമൊട്ടേറെ കാര്യങ്ങൾ പറയാനുണ്ട്. സംഘർഷംനിറഞ്ഞ വലിയ ഭാഗം ഇനിയും പറയാനിരിക്കുന്നു. അതിനാൽ ആത്മകഥയ്ക്ക് തുടർച്ചയുണ്ടാകുമെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി.
“കുടുംബത്തെയടക്കം നിരന്തരമായി ആക്ഷേപിച്ചു. തൃശ്ശൂർ ശോഭാസിറ്റിയിൽ സ്വന്തമായി വീടുണ്ടെന്ന് പ്രചരിപ്പിച്ചു. അതിന്റെ ഭാഗമായിരുന്നു ‘കട്ടൻചായയും പരിപ്പുവടയും’എന്നപേരിൽ ഞാനെഴുതാത്ത ആത്മകഥയിലെ വരികൾ എന്നുപറഞ്ഞുകൊണ്ട് പാലക്കാട് ഉപതെരഞ്ഞെടുപ്പുവേളയിൽ പ്രചരിപ്പിച്ചത്. എന്നെപ്പോലെ വ്യക്തിഹത്യ നേരിട്ടയാൾ മുഖ്യമന്ത്രി പിണറായി വിജയനാണ്”. ജയരാജൻ ചൂണ്ടികാട്ടി.
‘ഇതാണെന്റെ ജീവിത’ത്തിന്റെ ഗൾഫിലെ ആദ്യ വിൽപ്പന ആസാ ഗ്രൂപ്പ് ചെയർമാൻ സി.പി.സാലിഹിന് നൽകിക്കൊണ്ട് ഇ.പി. ജയരാജൻ നിർവഹിച്ചു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി.പി.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചപ്പോൾ ഡോ.പി.സരിൻ ആശംസ പറഞ്ഞു. ഇ.പി.ജയരാജന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.



