അബുദാബി– അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറിയത് വലിയ നേട്ടമാണെന്ന് യുഎഇ സഹിഷ്ണുത,സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. അബുദാബിയിൽ മലയാളോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രി പിണറായി വിജയൻ സദസിലിരിക്കെയാണ് യുഎഇ മന്ത്രിയുടെ പ്രശംസ. മന്ത്രിയുടെ പ്രസംഗത്തെ കയ്യടിയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു.
ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന ഉദ്യമങ്ങളുമായി കേരളം മുന്നോട്ട് പോകുകയാണെന്നും മന്ത്രി ഷെയ്ഖ് നഹ്യാൻ പറഞ്ഞു. കേരളത്തിൽ നിന്നുള്ള പ്രവാസികളെയും മന്ത്രി അഭിനന്ദിച്ചു. കേരളത്തിൽ നിന്നുള്ളവരുടെ കഠിനാധ്വാനത്തിന് അഭിവാദ്യം അര്‍പ്പിച്ച മന്ത്രി നിങ്ങൾ സമൂഹത്തിന്‍റെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണെന്നും ചൂണ്ടികാട്ടി.
കേരളത്തിന്റെ ഈ നേട്ടം ആഗോളശ്രദ്ധ നേടി. യുഎഇസമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ് മലയാളികൾ. പരസ്പരം മൂല്യങ്ങൾ കൈമാറുന്നവരാണ് ഇന്ത്യയും യുഎഇയും. സമാധാനപൂർണമായ ലോകത്തിനായി ഇരുരാജ്യങ്ങളും കൈകോർത്താണ് പ്രവർത്തിക്കുന്നത്. രണ്ടുരാജ്യങ്ങളും ആഴത്തിലുള്ള ബന്ധം ഇന്നും നിലനിർത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. യുഎഇയിൽ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ്അൽ നഹ്യാന്റെ നേതൃത്വത്തിൽ പ്രവാസികൾ സന്തുഷ്ടരായി മുന്നോട്ടുപോകുന്നെന്നും ശൈഖ് നഹ്യാൻ വ്യക്തമാക്കി.



