കണ്ണൂര്‍- മഹാത്മാഗാന്ധിയുടെ രാമനെ അസ്ത്രായുധനായ സംഹാരമൂര്‍ത്തിയാക്കി പരിവര്‍ത്തനം ചെയ്യിച്ചുകൊണ്ട് ഇന്ത്യയെ എന്നന്നേക്കുമായി വൈകാരികമായി വിഭജിച്ചതാണ് ലാല്‍ കൃഷ്ണ അധ്വാനി ഈ രാജ്യത്തിന് ചെയ്ത ഏറ്റവും വലിയ പൊതുസേവനമെന്ന് എഴുത്തുകാരിയും സോഷ്യല്‍മീഡിയാ ആക്ടിവിസ്റ്റുമായ സുധാ മേനോന്‍. എല്‍ കെ അധ്വാനിക്ക് തൊണ്ണൂറ്റിയെട്ടാമത് ജന്മദിനാശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗമായ ശശി തരൂര്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തെ നിശിതമായി വിമര്‍ശിച്ചുള്ള ഫെയ്‌സ്ബുക് പോസ്റ്റിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നിരപരാധികളായ നിരവധി മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുത്തിയതും ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ചയും കൂടിച്ചേര്‍ന്നതാണ് അധ്വാനിയുടെ യഥാര്‍ത്ഥ ‘സഞ്ചാരപഥം’ എന്നും അവര്‍ വിശദീകരിച്ചു. ”എല്‍ കെ അധ്വാനിയുടെ പൊതുസേവനം മനസ്സിലാക്കാന്‍ അതിരില്ലാത്ത വായനയും, അറിവും, ഭാഷാ സ്വാധീനവും,ലോകപരിചയവും ഒന്നും വേണ്ട. സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് അതീതമായ ഇത്തിരി മനുഷ്യസ്‌നേഹവും, വിവേകവും, ഹൃദയവിശാലതയും മാത്രം മതി”- സുധാമേനോന്‍ ചൂണ്ടിക്കാട്ടുന്നു.
”സ്വതന്ത്ര്യഇന്ത്യയുടെ നീണ്ട ‘സഞ്ചാരപഥത്തില്‍’ മനുഷ്യരെ വര്‍ഗീയമായി ധ്രുവീകരിക്കുകയും, മതവിഭാഗങ്ങള്‍ തമ്മിലുള്ള സഹജീവനങ്ങള്‍ക്കിടയില്‍ ആഴമേറിയ കിടങ്ങുകള്‍ ഉണ്ടാക്കുകയും ചെയ്ത ‘മാതൃകാപരമായ പൊതുപ്രവര്‍ത്തനം’ ആയിരുന്നു 1990 സെപ്റ്റംബര്‍ മാസം ഇരുപത്തി അഞ്ചാം തിയതി, ലാല്‍കൃഷ്ണ അധ്വാനി ആരംഭിച്ച രഥയാത്ര. സോമനാഥില്‍ നിന്നാരംഭിച്ച ആ യാത്ര ബീഹാറില്‍ എത്തുമ്പോഴേക്കും രാജ്യമെമ്പാടും വര്‍ഗീയകലാപങ്ങള്‍ ഉണ്ടാവുകയും നിരപരാധികളായ നിരവധി മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ജനതയെ സാമൂഹ്യമായി, മതപരമായി, വൈകാരികമായി വിഭജിച്ച മനുഷ്യനാണ് അധ്വാനി. ജയ്പൂരും, ഭഗല്‍പൂരും, ബറോഡയും, ഹൈദ്രാബാദും അടക്കമുള്ള സ്ഥലങ്ങളില്‍ നടന്ന നിരവധി കലാപങ്ങളുടെയും, ജീവന്‍ നഷ്ടപ്പെട്ട സാധുക്കളായ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും ഓര്‍മകളും, അതിനുശേഷമുള്ള അവരുടെ നരകജീവിതത്തിന്റെ നേര്‍ചിത്രങ്ങളും ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ചയും കൂടിച്ചേര്‍ന്നതാണ് അധ്വാനിയുടെ യഥാര്‍ത്ഥ ‘സഞ്ചാരപഥം’! അത്തരമൊരു സഞ്ചാരപഥത്തിന്റെ ഉണങ്ങാത്ത വ്രണങ്ങള്‍ മതേതരവാദികളായ ഇന്ത്യക്കാരുടെ മനസ്സില്‍ ഇപ്പോഴും മായാതെ നില്‍ക്കുമ്പോഴാണ് ശ്രീ തരൂര്‍, മാതൃകാപരമായ പൊതുജീവിതം നയിച്ച രാഷ്ട്രതന്ത്രജ്ഞനായി അധ്വാനിയെ പുകഴ്ത്തുന്നത്.”- സുധാ മേനോന്‍ ശക്തമായ ഭാഷയില്‍ ശശി തരൂരിനെ തിരുത്തുന്നു.
സുധാമേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: https://www.facebook.com/share/14NFasQNXxY/



