ചെന്നൈ– തമിഴ്നാട് കൃഷ്ണഗിരി ജില്ലയിൽ ആറുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും ലെസ്ബിയൻ പങ്കാളിയും പിടിയിൽ. കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് ദിവസങ്ങൾക്കുമുമ്പ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം തെളിഞ്ഞത്.
മുലയൂട്ടുന്നതിനിടെ പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു എന്നായിരുന്നു പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തെങ്കിലും പോസ്റ്റ്മോർട്ടം ചെയ്തിരുന്നില്ല. തുടർന്ന് കുഞ്ഞിന്റെ കുടുംബം സംസ്കരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞ് പിതാവ് രംഗത്ത് എത്തിയത്.
കുഞ്ഞിന്റെ അമ്മയും മറ്റു സ്ത്രീയും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങളും ചാറ്റുമെല്ലാം കണ്ടതോടെയാണ് പിതാവിന് സംശയമുണ്ടായത്. ശേഷം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച യുവതി ഭർത്താവ് തന്നെ ശ്രദ്ധിക്കുന്നില്ലെന്നും അതിനാൽ അദ്ദേഹത്തിന്റെ കുഞ്ഞിനെ തനിക്ക് ആവശ്യമില്ലെന്നും പറഞ്ഞു.



