ജറൂസലം – ജറൂസലമിന് വടക്കുപടിഞ്ഞാറായി അൽജുദൈറ ഗ്രാമത്തിൽ ഇസ്രായിൽ സൈന്യത്തിന്റെ വെടിവെപ്പിൽ രണ്ടു ഫലസ്തീൻ ബാലന്മാർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പതിനാറു വയസ് പ്രായമുള്ള ബാലന്മാരാണ് കൊല്ലപ്പെട്ടതെന്നും ഇസ്രായിൽ സൈന്യം അവരുടെ മൃതദേഹങ്ങൾ കസ്റ്റഡിയിലെടുത്തതായും ജനറൽ അതോറിറ്റി ഫോർ സിവിൽ അഫയേഴ്‌സ് അറിയിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഗ്രാമത്തോട് ചേർന്ന് ഇസ്രായിൽ നിർമിച്ച, ഫലസ്തീൻ പ്രദേശങ്ങളെ കീറിമുറിക്കുന്ന കൂറ്റൻ മതിലിനടുത്താണ് സംഭവം. അവിടെ ഒരു കൂട്ടം യുവാക്കൾക്ക് നേരെ ഇസ്രായിൽ സൈന്യം വെടിയുതിർക്കുകയായിരുന്നെന്ന് ജർമ്മൻ പ്രസ് ഏജൻസി (ഡി.പി.എ) റിപ്പോർട്ട് ചെയ്തു. സാധാരണക്കാർ ഉപയോഗിക്കുന്ന റോഡിലേക്ക് പെട്രോൾ ബോംബുകൾ എറിഞ്ഞവർക്കു നേരെയാണ് വെടിയുതിർത്തതെന്ന് ഇസ്രായിൽ സൈന്യം പറഞ്ഞു.



