ദുബൈ – അൽഐനിൽ വീടിന്റെ പ്രവേശന കവാടത്തിനടുത്തുള്ള വാട്ടർ ടാങ്കിൽ വീണ് ആറുവയസുകാരൻ മുങ്ങിമരിച്ചു. സഹോദരിക്കൊപ്പം വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ബാലൻ ടാങ്കിൽ വീണത്. പിതാവ് ജോലിക്ക് പോകുന്നതിന് മുമ്പ് കുട്ടികളെ വീട്ടിനകത്താക്കി വാതിൽ പൂട്ടിയിരുന്നു. എന്നാൽ മാതാവ് തിരക്കിലായ സമയത്ത് കുട്ടികൾ വീണ്ടും കളിക്കാനായി പുറത്തേക്കിറങ്ങുകയായിരുന്നു.
മുഹമ്മദ് ബിൻ ഖാലിദ് എലിമെന്ററി സ്‌കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന ഈസയാണ് മരിച്ചത്. എല്ലാം വളരെപ്പെട്ടെന്നായിരുന്നുവെന്ന് ഇമാമും ഖുർആൻ അധ്യാപകനുമായ പിതാവ് പ്രതികരിച്ചു. ജോലിക്ക് പോയി 1 മണിക്കൂറിനുള്ളിൽ മകൻ മരിച്ചെന്ന് ഭാര്യ ഫോണിലൂടെ അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വീടിനുള്ളിൽ കളിക്കുകയായിരുന്ന കുട്ടികൾ പെട്ടെന്നാണ് പുറത്തേക്ക് വന്നത്. മകളുടെ നിലവിളി കേട്ടാണ് താൻ പുറത്തേക്ക് ഓടിയെത്തിയതെന്ന് മാതാവ് പറഞ്ഞു. ഈസ കുഴിയിൽ വീണെന്ന് മകൾ പറഞ്ഞത് ആദ്യം മനസിലായില്ല, പിന്നീട് അവൾ ചൂണ്ടിയിടത്തേക്ക് നോക്കുമ്പോൾ മകൻ ടാങ്കിൽ പൊങ്ങിക്കിടക്കുന്നതാണ് കണ്ടതെന്നും മാതാവ് പറഞ്ഞു. അയൽവാസിയുടെ സഹായത്തോടെ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



