മോസ്കോ– കാണാതായ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ അല്‍വാറിനടുത്ത് ലക്ഷ്മണ്‍ഗഡിലെ കുഫുന്‍വാര സ്വദേശിയായ അജിത് സിങ് ചൗധരിയെയാണ് റഷ്യയിലെ ഉഫ സിറ്റിയില്‍ വൈറ്റ് നദിയോട് ചേര്‍ന്നുള്ള അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബഷ്‌കിര്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ അജിത് സിങിനെ ഒക്ടോബര്‍ 19 മുതൽ കാണാതായിരുന്നു. വാര്‍ഡന്റെ പക്കല്‍ നിന്ന് പാല്‍ വാങ്ങി വരാമെന്ന് സുഹൃത്തുക്കളോട് പറഞ്ഞ് ഇറങ്ങിപ്പോയ അജിത് പിന്നീട് മടങ്ങിവന്നില്ലെന്നാണ് സുഹൃത്തുക്കളുടെ മൊഴി. വീട്ടുകാരോട് കാണാതാവുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. അടുത്തമാസം നാട്ടിൽ വരാനിരിക്കയാണ് അജിത്തിനെ കാണാതായെന്ന് കുടുംബം പറയുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്



