ജിദ്ദ – ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊ ഈ വർഷം മൂന്നാം പാദത്തിൽ 101 ബില്യൺ (10,100 കോടി) റിയാൽ ലാഭം നേടിയതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ കമ്പനി ലാഭം 104 ബില്യൺ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ലാഭം 2.2 ശതമാനം തോതിൽ കുറഞ്ഞിട്ടുണ്ട്.
മൂന്നാം പാദത്തിൽ അറാംകൊയുടെ ആകെ വരുമാനം ഏഴു ശതമാനം തോതിൽ കുറഞ്ഞ് 386 ബില്യൺ റിയാലായി. ഈ വർഷം ആദ്യത്തെ ഒമ്പതു മാസത്തിനിടെ കമ്പനിയുടെ ആകെ ലാഭം പത്തു ശതമാനം തോതിൽ കുറഞ്ഞ് 283.6 ബില്യൺ റിയാലായി. മൂന്നാം പാദത്തിലെ അടിസ്ഥാന ലാഭവിഹിതമായി 79.3 ബില്യൺ റിയാലും പ്രകടനവുമായി ബന്ധപ്പെട്ട ലാഭവിഹിതമായി 0.8 ബില്യൺ റിയാലും അടക്കം ആകെ 80.1 ബില്യൺ (8,010 കോടി) റിയാൽ ലാഭവിഹിതമായി ഓഹരിയുടമകൾക്കിടയിൽ വിതരണം ചെയ്യുമെന്ന് സൗദി അറാംകോ ഡയറക്ടർ ബോർഡ് അറിയിച്ചു.



