ദോഹ–ഖത്തറിലെ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ ഫാത്തിമ അല്‍റുമൈഹിയെ ആദ്യമായി കണ്ട കൗതുകം പങ്കുവെച്ച് ‘ഫെമിനിച്ചി ഫാത്തിമ’യിലെ നായിക, കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് ഷംല ഹംസയെക്കുറിച്ച് താരതമ്യക്കുറിപ്പെഴുതി മാധ്യമപ്രവര്‍ത്തകന്‍. ഖത്തറിലും ജോലി ചെയ്ത പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ തലശ്ശേരി സ്വദേശി മുജീബുര്‍റഹ്‌മാന്‍ കരിയാടാനാണ് തന്റെ ദോഹ അനുഭവം പങ്കുവെച്ച് വിശദമായ കുറിപ്പെഴുതിയത്.
2012ല്‍ അന്ന് ഫാത്തിമ അല്‍ റുമൈഹിയെ ആദ്യമായി കണ്ടപ്പോള്‍ തോന്നിയ അതേ കൗതുകം 2025ല്‍ ഷംല ഹംസയെ നേരില്‍ കണ്ടപ്പോഴും തോന്നിയെന്ന് വ്യക്തമാക്കുന്ന മുജീബ് സ്‌കാര്‍ഫും പര്‍ദ്ദയും ധരിച്ചൊരു വനിതയെ സിനിമയ്ക്ക് പിന്നില്‍ ആദ്യമായി കണ്ടത് ഖത്തറിലെത്തിയപ്പോഴായിരുന്നു എന്നും എടുത്തുപറയുന്നു.
”ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഫാത്തിമ അല്‍ റുമൈഹി എന്ന ഫാത്തിമ ഹസ്സന്‍ അല്‍ റുമൈഹിയായിരുന്നു അവര്‍. ഖത്തര്‍ പോലൊരു രാജ്യത്ത് അത്തരത്തിലൊരാളെ കാണുന്നത് അത്ഭുതമൊന്നുമല്ലെങ്കിലും അതിനുമുമ്പൊരിക്കലും ഇങ്ങനെയൊരു പര്‍ദ്ദധാരിയെ സിനിമാ ലോകത്ത് (മലയാള സിനിമയാണ് ഞാനീ പറയുന്ന എന്റെ ‘സിനിമാ ലോകം’) കണ്ടിട്ടില്ലാത്തതിനാല്‍ കൗതുകം തോന്നിയെന്നത് സത്യം.” മുജീബ് വിശദീകരിച്ചു.
ഖത്തര്‍ അമീര്‍ ശൈഖ് തമീമിന്റെ സഹോദരി ശൈഖ മയാസയെക്കുറിച്ചും കുറിപ്പില്‍ പറയുന്നുണ്ട്. ”ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് പിന്നില്‍ ഫാത്തിമ അല്‍ റുമൈഹി മാത്രമല്ല പിന്നേയും ധാരാളം പേരുണ്ട് ഇതേ രീതിയിലും രൂപത്തിലും ഭാവത്തിലുമുള്ളവര്‍. അതില്‍ ഏറ്റവും പ്രധാനി ഖത്തര്‍ മുന്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ മകളും ഇപ്പോഴത്തെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ സഹോദരിയുമായ ശൈഖ അല്‍ മയാസ ബിന്‍ത് ഹമദ് അല്‍താനിയാണ്. കത്താറയില്‍ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വ്യത്യസ്ത ചലച്ചിത്ര മേളകള്‍ നടക്കുമ്പോഴെല്ലാം ശൈഖ മയാസയെ പല സമയങ്ങളിലും ഇതേ വേഷത്തില്‍ അവിടെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്.
ഫാത്തിമ അല്‍ റുമൈഹിയെ കണ്ടപ്പോള്‍ തോന്നിയ അതേ കൗതുകം വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലും തോന്നിയത് 2025 ഒക്ടോബര്‍ 10ന് ഫെമിനിച്ചി ഫാത്തിമ തിയേറ്റര്‍ റിലീസ് ചെയ്ത ദിവസമായിരുന്നു! ഫെമിനിച്ചി ഫാത്തിമയിലെ നായികാ കഥാപാത്രം ഫാത്തിമയെ അവതരിപ്പിച്ച ഷംല ഹംസയെ കണ്ടപ്പോഴായിരുന്നു അത്.” ഇപ്പോള്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുജീബ് വിശദീകരിച്ചു.
മുജീബ് കരിയാടന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:https://www.facebook.com/share/p/16b6bvAmPT/



