ദോഹ– ഖത്തറിൽ നടക്കുന്ന സാമൂഹിക വികസനത്തിനുള്ള രണ്ടാം ലോക സമ്മേളനത്തിൽ (WSSD-2) പങ്കെടുക്കാൻ ഇന്ത്യയും. ഇന്ത്യൻ തൊഴിൽ, യുവജന, കായിക വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ സമ്മേളനത്തിൽ പങ്കെടുക്കാനായി ദോഹയിലെത്തി.
ഇന്ത്യൻ അംബാസിഡർ വിപുലിന്റെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിക്ക്
ഊഷ്മളമായ സ്വീകരണം നൽകി. ഇന്നു മുതൽ 6 വരെയാണ് സമ്മേളനം. ഉദ്ഘാടന പ്ളീനറി യോഗത്തിൽ പങ്കെടുക്കുന്ന കേന്ദ്രമന്ത്രി ഇന്ത്യയുടെ ദേശീയ നയം അവതരിപ്പിക്കും.
സമ്മേളനത്തിലെ “സോഷ്യൽ ഡെവലപ്മെന്റിന്റെ മൂന്നു തൂണുകൾ — ദാരിദ്ര്യ നിർമ്മാർജനം, ഉത്പാദനാത്മക തൊഴിൽ, സാമൂഹികമായ ഉൾപ്പെടുത്തൽ” എന്ന വിഷയത്തിലുള്ള വട്ടമേശാ യോഗത്തിലും മന്ത്രി ഡോ. മാണ്ഡവ്യ പങ്കെടുക്കും. ഇന്ത്യയുടെ ഡിജിറ്റൽ വികസന യാത്രയെക്കുറിച്ച് അദ്ദേഹം വിശദീകരിക്കും.
നവംബർ 5-ന് അദ്ദേഹം നീതി ആയോഗ് സംഘടിപ്പിക്കുന്ന “പാവപ്പെട്ടവരെ ശക്തിപ്പെടുത്താനുള്ള ഇന്ത്യൻ വഴികൾ” സെമിനാറിലും മന്ത്രി പങ്കെടുക്കും. സ്വയം സഹായ സംഘ പ്രസ്ഥാനങ്ങൾ, വനിതാ ശാക്തീകരണം, സാമൂഹിക സുരക്ഷാ വികസനം തുടങ്ങിയ മേഖലകളിലെ ഇന്ത്യൻ നേട്ടങ്ങൾ അവതരിപ്പിക്കും. ഐ.എൽ.ഒ. സംഘടിപ്പിക്കുന്ന ‘ഗ്ലോബൽ കോയ്ലിഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്’ മന്ത്രിസഭാ സമ്മേളനത്തിലും അദ്ദേഹം സംബന്ധിക്കുന്നുണ്ട്.
ഖത്തർ, റൊമാനിയ, മൗറീഷ്യസ്, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിമാരുമായും ഐ.എൽ.ഒ ഡയറക്ടർ ജനറലുമായും അദ്ദേഹം ചർച്ചകൾ നടത്തും. തൊഴിൽ ചലനശേഷി, നൈപുണ്യ വികസനം, സാമൂഹിക സംരക്ഷണം, തൊഴിൽ സൃഷ്ടി എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുക എന്നതും വേൾഡ് സമ്മിറ്റ് ഫോർ സോഷ്യൽ ഡെവലപ്പ്മെന്റ് രണ്ടാം പതിപ്പിന്റെ ലക്ഷ്യങ്ങളാണ്.



