മസ്കത്ത്– ഖത്തർ ഡിബേറ്റിന് കീഴിൽ ഒമാനിൽ നടന്ന മൂന്നാമത് ഏഷ്യൻ അറബിക് ഡിബേറ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാല ടീം ജേതാക്കളായി. ഇന്തോനേഷ്യയിലെ ചെണ്ടേക്യ മുസ്ലിം യൂണിവേഴ്സിറ്റിയെ മറികടന്നാണ് ചരിത്രനേട്ടം. പാകിസ്താനിലെ ബിനൊരിയ യൂണിവേഴ്സിറ്റിയായിരുന്നു സെമി ഫൈനലിൽ എതിരാളികൾ. ലെബനാൻ ആർട്സ് ആൻഡ് സയൻസ് യൂണിവേഴ്‌സിറ്റി, ഖത്തറിലെ ലുസൈൽ യൂണിവേഴ്സിറ്റി, തായ്‌ലൻഡ്, ഒമാൻ, മലേഷ്യ തുടങ്ങിയ ടീമുകളെ മറികടന്നായിരുന്നു നൺ അറബ് കാറ്റഗറിയിൽ സെമി ഫൈനലിൽ പ്രവേശിച്ചത്. ടീമംഗങ്ങളായ ഫഹ്മീദ് ഖാനും മുഹമ്മദ് ശകീബും ബെസ്റ്റ് ഡിബേറ്റേഴ്സായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
പതിനെട്ട് രാജ്യങ്ങളിൽ നിന്നും നാൽപ്പതോളം ടീമുകൾ പങ്കെടുത്ത ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ദാറുൽഹുദായുടെ രണ്ട് ടീമുകളാണ് പങ്കെടുത്തത്. ഡിഗ്രി അവസാന വർഷ വിദ്യാർഥികളായ ഫഹ്മിദ് ഖാൻ അഞ്ചച്ചവിടി, മുഹമ്മദ് ശക്കീബ് ചോലേമ്പ്ര, അബ്ദുൽ മുഹൈമിൻ വെള്ളില, മുഹമ്മദ് കണ്ണാടിപ്പറമ്പ് (ദാറുൽ ഹസനാത് അറബിക് കോളേജ്, കണ്ണാടിപ്പറമ്പ്) എന്നിവരാണ് ദാറുൽഹുദായെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ദാറുൽഹുദായുടെ തന്നെ സഹസ്ഥാപനമായ സബീലുൽ ഹിദായ അറബിക് കോളേജിനെ പ്രതിനിധീകരിച്ച് ഡിഗ്രി വിദ്യാർത്ഥികളായ രിഫാഅത്, മുദ്ദസിർ സിനാൻ, തൻസീഹ്, ലബീബ് എന്നിവരും പങ്കെടുത്തു.



