ദുബൈ: ബോക്സിങ് പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക കിരീട പോരാട്ടത്തിന് ദുബൈ വേദിയാകുന്നു. 2026 ഫെബ്രുവരി 13-ന് ദുബൈ മീഡിയ സിറ്റിയിലെ ‘ദി അജണ്ട’ വേദിയിലാണ് ‘ഡെസ്റ്റിനി ഇൻ ദ് ഡെസേർട്ട്’ എന്ന പേരിലുള്ള ചരിത്രപരമായ ബോക്‌സിങ് പോരാട്ടം.ലോകശ്രദ്ധ ആകർഷിക്കാൻ സാധ്യതയുള്ള ഈ പോരാട്ടം മധ്യപൂർവദേശത്തെ ഒരു പ്രീമിയം കായിക വിരുന്നായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇയുടെ ആദ്യ പ്രഫഷനൽ ബോക്‌സർ എന്നറിയപ്പെടുന്ന ഈസ അൽ ദഹ്, മുൻ യുകെ ലോക ചാംപ്യൻ കെൽ ബ്രൂക്കുമായിട്ടാണ് ഈ നിർണായക പോരാട്ടത്തിൽ ഏറ്റുമുട്ടുക.യുഎഇയിലും ഗൾഫ് മേഖലയിലും പ്രഫഷണൽ ബോക്‌സിങ്ങിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കാൻ തന്റെ കരിയർ മാറ്റിയെടുത്തതാരമാണ് ഈസ അൽ ദഹ്. എട്ട് വിജയങ്ങളും മൂന്ന് തോൽവികളും എന്ന റെക്കോർഡുമായാണ് അദ്ദേഹം മത്സരത്തിൽ പങ്കെടുക്കുന്നത്.
ഡബ്ല്യുബിസി “യൂണിയൻ ബെൽറ്റിന്” വേണ്ടിയുള്ളതാണ് മത്സരം.
ദുബൈ ആസ്ഥാനമായുള്ള ബോക്‌സർമാരെ യുകെയിലെ മാഞ്ചസ്റ്ററിൽ നിന്നുള്ള എതിരാളികളുമായി മത്സരിപ്പിക്കുന്ന ഒട്ടേറെ അണ്ടർകാർഡുകളും പ്രധാന ഇവന്റിനൊപ്പം നടക്കും. ബോക്‌സിങ് ഇതിഹാസമായ റിക്കി “ദ് ഹിറ്റ്‌മാൻ” ഹാറ്റണിനുള്ള ആദരവ് അർപ്പിക്കുന്നതിനും അദ്ദേഹത്തിന്റെ ഫൗണ്ടേഷനെ പിന്തുണയ്ക്കുന്നതിനും ഈ പരിപാടി വേദിയാകും.



