മലപ്പുറം – കോണ്‍ഗ്രസ് ബി ജെ പിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്നും യു ഡി എഫില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് സ്വന്തം പതാക ഉയര്‍ത്തി പിടിച്ചു വോട്ട് ചോദിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും അധഃപതനമാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ യു ഡി എഫിന് ഒരു നിലപാടുമില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കത്വ കേസില്‍ പെണ്‍കുട്ടിയുടെ അഭിഭാഷകയായിരുന്ന ദീപിക സിങ് രജാവത് ഭാരത് ജോഡോ യാത്രയുടെ സമാപന ദിവസമാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥികളുടെ പ്രചാരക ആയിരുന്നു ദീപിക.
കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയില്‍ പോകുന്നത് വാര്‍ത്ത അല്ലാതെയായിരിക്കുകയാണ്. കേരളത്തിലും ഇത് തുടങ്ങി കഴിഞ്ഞു. മലപ്പുറം ബി ജെ പി സ്ഥാനാര്‍ത്ഥി കാലിക്കറ്റ് സര്‍വകലാശാല വി സി പദവിയില്‍ യു ഡി എഫ് നോമിനി ആയിരുന്നു. പത്തനംതിട്ട ബി ജെ പി സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയുടെ മകനും ഐടി സെല്‍ മേധാവിയും ആയിരുന്നു. കണ്ണൂര്‍ ബി ജെ പി സ്ഥാനാര്‍ത്ഥി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയിരുന്നു. കേരളത്തില്‍ ബി ജെ പിക്കു വേണ്ടി മത്സരിക്കുന്ന നാലില്‍ ഒരാള്‍ മുന്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ ആണെന്നും പിണറായി വിജയന്‍ ആരോപിച്ചു.
നരേന്ദ്ര മോഡിക്ക് എതിരെ പറയുന്നില്ല എന്നാണ് പറയുന്നത്. ഇടതുപക്ഷത്തിന് കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കോണ്‍ഗ്രസ് സ്വന്തം മുഖം കണ്ണാടിയില്‍ നോക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യു ഡി എഫിന് മുന്‍തൂക്കം നല്‍കുന്ന കേരളത്തിലെ സര്‍വേകള്‍ പുതിയ കാര്യമല്ല. ചില മാധ്യമങ്ങള്‍ യു ഡി എഫിന് ഓവര്‍ടൈം പണി എടുക്കുന്നുണ്ട്. മലയാള മനോരമയാണ് മുന്‍പന്തിയില്‍. എല്‍ ഡി എഫ് വാര്‍ത്തകള്‍ മനോരമ തമസ്‌കരിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ സര്‍വേയുടെ ഫലം ഓര്‍ത്തു നോക്കൂ. അന്ന് കെ കെ ശൈലജയും എം എം മണിയും എം ബി രാജേഷും റിയാസും പരാജയപ്പെടും എന്ന് പറഞ്ഞിരുന്നു. തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാന്‍ വേണ്ടിയാണ് ഇത്തരം സര്‍വേകള്‍ എന്നും മുഖ്യമന്ത്രി ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടും എന്ന് സര്‍വ്വേയില്‍ പറഞ്ഞ പലരും ഇന്ന് മന്ത്രി ആണെന്നും മുഖ്യമന്ത്രി കൂട്ടി ചേര്‍ത്തു.