- വിമാന യാത്രക്കാര്‍ 11.2 കോടിയായി ഉയര്‍ന്നു
- സൗദി അറേബ്യക്കും ഇന്ത്യക്കുമിടയില്‍ 47 ലക്ഷം യാത്രക്കാര്‍
ജിദ്ദ – കഴിഞ്ഞ വര്‍ഷം സൗദിയില്‍ വിമാന യാത്രക്കാരുടെ എണ്ണം റെക്കോര്‍ഡിട്ടു. 2023 ല്‍ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ സ്വീകരിച്ച വിമാന യാത്രക്കാരുടെ എണ്ണം 11.2 കോടിയായി ഉയര്‍ന്നു. 2022 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം വിമാന യാത്രക്കാരുടെ എണ്ണം 26 ശതമാനം തോതിലും 2019 നെ അപേക്ഷിച്ച് എട്ടു ശതമാനം തോതിലും വര്‍ധിച്ചു. കൊറോണ മഹാമാരി പ്രത്യാഘാതങ്ങളില്‍ നിന്ന് സൗദിയിലെ വ്യോമയാന മേഖല പൂര്‍ണമായും മുക്തമായതായി ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ കൊല്ലം സൗദിയില്‍ 8,15,000 വിമാന സര്‍വീസുകള്‍ രാജ്യത്ത് നടന്നതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. 2022 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം വിമാന സര്‍വീസുകളുടെ എണ്ണം 16 ശതമാനം തോതില്‍ വര്‍ധിച്ചു. അന്താരാഷ്ട്ര സര്‍വീസുകളില്‍ 6.1 കോടി പേര്‍ യാത്ര ചെയ്തു. 2023 ല്‍ 3,94,000 ലേറെ അന്താരാഷ്ട്ര സര്‍വീസുകള്‍ നടന്നു. ഏറ്റവും കൂടുതല്‍ വിമാന സര്‍വീസുകള്‍ നടന്നത് ജിദ്ദ എയര്‍പോര്‍ട്ടിലാണ്. ഇവിടെ മണിക്കൂറില്‍ ശരാശരി 30 സര്‍വീസുകള്‍ വീതം നടന്നു. രണ്ടാം സ്ഥാനത്ത് റിയാദ് വിമാനത്താവളമാണ്. ഇവിടെ മണിക്കൂറില്‍ ശരാശരി 27 സര്‍വീസുകള്‍ വീതം നടന്നു. മൂന്നാം സ്ഥാനത്തുള്ള ദമാം എയര്‍പോര്‍ട്ടില്‍ മണിക്കൂറില്‍ 11 സര്‍വീസുകള്‍ വീതമാണ് നടന്നത്.
ആഭ്യന്തര സര്‍വീസുകളിലും യാത്രക്കാരുടെ എണ്ണത്തിലും വലിയ വളര്‍ച്ച രേഖപ്പെടുത്തി. ആഭ്യന്തര സര്‍വീസുകളില്‍ 5.1 കോടി പേര്‍ യാത്ര ചെയ്തു. 4,21,000 ലേറെ ആഭ്യന്തര സര്‍വീസുകളാണ് നടന്നത്. സൗദി അറേബ്യയുമായി ഏറ്റവും ഉയര്‍ന്ന എയര്‍ കണക്ഷന്‍ ഡെസ്റ്റിനേഷന്‍ ഈജിപ്ത് ആണ്. സൗദി അറേബ്യക്കും ഈജിപ്തിനുമിടയില്‍ വിമാന സര്‍വീസുകളില്‍ 10.5 ദശലക്ഷം പേര്‍ യാത്ര ചെയ്തു. രണ്ടാം സ്ഥാനത്തുള്ള യു.എ.ഇക്കും സൗദി അറേബ്യക്കുമിടയില്‍ 97 ലക്ഷം പേരാണ് യാത്ര ചെയ്തത്. മൂന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാനും സൗദിക്കുമിടയില്‍ 53 ലക്ഷം പേരും നാലാം സ്ഥാനത്തുള്ള ഇന്ത്യക്കും സൗദിക്കുമിടയില്‍ 47 ലക്ഷം പേരും അഞ്ചാം സ്ഥാനത്തുള്ള തുര്‍ക്കിക്കും സൗദിക്കുമിടയില്‍ 40 ലക്ഷത്തോളം പേരും കഴിഞ്ഞ വര്‍ഷം വിമാന സര്‍വീസുകളില്‍ യാത്ര ചെയ്തു.
എയര്‍ കാര്‍ഗോ മേഖലയില്‍ കഴിഞ്ഞ വര്‍ഷം ഏഴു ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 9,18,000 ടണ്‍ എയര്‍ കാര്‍ഗോയാണ് കഴിഞ്ഞ കൊല്ലം നീക്കം ചെയ്തത്. 2022 ല്‍ 8,54,000 ടണ്‍ എയര്‍ കാര്‍ഗോയാണ് വിമാനത്താവളങ്ങളില്‍ കൈകാര്യം ചെയ്തത്. സൗദി എയര്‍പോര്‍ട്ടുകളില്‍ നിന്ന് സര്‍വീസുകളുള്ള ഡെസ്റ്റിനേഷനുകളുടെ എണ്ണം 148 ആയി ഉയര്‍ന്നു. 2022 നെ അപേക്ഷിച്ച് 2023 ല്‍ സൗദി വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസുകളുള്ള നഗരങ്ങളുടെ എണ്ണം 47 ശതമാനം തോതില്‍ ഉയര്‍ന്നതായും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.