അബൂദാബി– വർദ്ധിച്ച് വരുന്ന സൈബർ കുറ്റകൃത്യങ്ങിൽ മുന്നറിയിപ്പുമായി അബൂദാബി പോലീസ്. സൈബർ ക്രൈം വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണൽ അലി ഫാരിസ് അൽ നുഐമി പങ്കിട്ട ഒരു വീഡിയോ സന്ദേശത്തിലാണ് ജാഗ്രതാ നിർദേശം നൽകിയത്. വ്യക്തിപരവും ബാങ്കിങ്ങ് വിവരങ്ങൾ മോഷ്ടിക്കാൻ തട്ടിപ്പുകാർ ഉപയോഗിക്കുന്ന രീതികൾ അദ്ദേഹം വ്യക്തമാക്കി.
ഫോണിലൂടെയോ ഓൺലൈനിലൂടെയോ വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ പങ്കിടരുത്. ആധികാരികത സ്ഥിരീകരിക്കുന്നതിന് മുമ്പ് ലിങ്കുകളിലോ പരസ്യങ്ങളിലോ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
സംശയമുള്ള ഓഫറുകളിൽ വീഴരുതെന്നും ലെഫ്റ്റനന്റ് കേണൽ അൽ നുഐമി മുന്നറിയിപ്പ് നൽകി. ഇത്തരം പദ്ധതികൾ പലപ്പോഴും തട്ടിപ്പുകാർക്ക് ഇരകളെ ചൂഷണം ചെയ്യുന്നതിനുള്ള മാർഗങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിങ്ങളുടെ അവബോധമാണ് തട്ടിപ്പിനെതിരെയുള്ള ആദ്യപ്രതിരോധം, എപ്പോഴും ജാഗ്രത പാലിക്കുക. സംശയാസ്പദമായ സന്ദേശങ്ങൾ, കോളുകൾ അല്ലെങ്കിൽ ഓൺലൈൻ പ്രവർത്തനങ്ങൾ ഔദ്യോഗിക മാർഗങ്ങൾ വഴി റിപ്പോർട്ട് ചെയ്യാനും അബൂദാബി പോലീസ് താമസക്കാരോട് അഭ്യർഥിച്ചു.



