ദുബൈ– യു.എ.ഇയിൽ പുതിയ ജോലിക്ക് പോവുകയായിരുന്ന കേരളത്തിൽ നിന്നുള്ള രണ്ട് യുവ നഴ്‌സുമാർക്ക് അവരുടെ ആദ്യ അന്താരാഷ്ട്ര യാത്ര, ഒരു ജീവൻ രക്ഷിക്കാനുള്ള ദൗത്യമായി മാറി. വയനാട് സ്വദേശിയായ അഭിജിത്ത് ജീസ് (26), ചെങ്ങന്നൂർ സ്വദേശിയായ അജീഷ് നെൽസൺ (29) എന്നിവരാണ് എയർ അറേബ്യയുടെ കൊച്ചി-അബൂദബി വിമാനത്തിൽ 35,000 അടി ഉയരത്തിൽ ഒരു യാത്രക്കാരൻ്റെ ജീവൻ രക്ഷിച്ചത്. യു.എ.ഇയിലെ ഏറ്റവും വലിയ അടിയന്തര വൈദ്യസേവന ദാതാക്കളായ റെസ്പോൺസ് പ്ലസ് മെഡിക്കലിൽ (RPM) നഴ്‌സുമാരായി ജോലിക്ക് പ്രവേശിക്കാനായിരുന്നു ഇവരുടെ യാത്ര.
പുലർച്ചെ 5:50-ന് വിമാനം അറബിക്കടലിനു മുകളിലൂടെ സഞ്ചരിക്കവെയാണ് സംഭവം. പറന്നുയർന്ന് ഏകദേശം 20 മിനിറ്റിനുള്ളിൽ അടുത്ത സീറ്റിൽ നിന്നും ഒരു നേരിയ ശബ്ദം കേട്ടാണ് അഭിജിത്ത് ശ്രദ്ധിച്ചത്. 34 വയസ്സുള്ള തൃശ്ശൂർ സ്വദേശിയായ യാത്രക്കാരൻ തളർന്ന് പ്രതികരണമില്ലാതെ കിടക്കുന്നത് അദ്ദേഹം കണ്ടു.
“ഞാൻ പൾസ് പരിശോധിച്ചു, പക്ഷേ പൾസ് ഉണ്ടായിരുന്നില്ല. ഉടൻ തന്നെ കാർഡിയാക് അറസ്റ്റ് ആണെന്ന് മനസ്സിലായി,” അഭിജിത്ത് പറഞ്ഞു. “ഞാൻ ഉടൻ സി.പി.ആർ. നൽകാൻ തുടങ്ങി, ഒപ്പം ജീവനക്കാരെ വിവരമറിയിക്കുകയും ചെയ്തു.”
അഭിജിത്തിനൊപ്പം ഉടൻ തന്നെ അജീഷും ചേർന്നു. ഒരു പരിഭ്രാന്തിയും കൂടാതെ ഇരുവരും കൃത്യമായ ഏകോപനത്തോടെ പ്രവർത്തിച്ചു. ഇവർ രണ്ട് റൗണ്ട് സി.പി.ആർ. നൽകിയതിനെ തുടർന്ന് യാത്രക്കാരന് പൾസ് തിരിച്ചുകിട്ടുകയും ശ്വാസമെടുക്കാൻ തുടങ്ങുകയും ചെയ്തു.
യാത്രക്കാരൻ സ്ഥിരത കൈവരിച്ച ശേഷം, വിമാനത്തിലുണ്ടായിരുന്ന ഡോ. ആരിഫ് അബ്ദുൾ ഖാദിർ ഐ.വി. ഫ്ലൂയിഡുകൾ നൽകാനും തുടർ നിരീക്ഷണത്തിനും സഹായിച്ചു. വിമാനം അബൂദബിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതുവരെ ഇദ്ദേഹം യാത്രക്കാരനെ നിരീക്ഷിച്ചു.
“അദ്ദേഹം ചലിക്കുന്നത് കണ്ടപ്പോൾ വലിയ ആശ്വാസം തോന്നി,” അഭിജിത്ത് പറഞ്ഞു. “നമ്മൾ എവിടേക്കു പോയാലും നമ്മുടെ ഉത്തരവാദിത്തം കൂടെ കൊണ്ടുപോകുന്നു എന്ന് അത് എന്നെ ഓർമ്മിപ്പിച്ചു.”
ഇന്ത്യയിൽ സ്റ്റാഫ് നഴ്സുമാരായി ഇവർക്ക് മുൻപരിചയം ഉണ്ടായിരുന്നുവെങ്കിലും 35,000 അടി ഉയരത്തിലെ അടിയന്തിര സാഹചര്യം ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല എന്നായിരുന്നു ഇരുവരുടെയും പ്രതികരണം.
“പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് ഞങ്ങൾക്ക് കിട്ടിയ ഏറ്റവും മികച്ച വരവേൽപ്പായി തോന്നി,” അജീഷ് കൂട്ടിച്ചേർത്തു.
വിമാനം ലാൻഡ് ചെയ്ത ശേഷം ഇരുവരും സംഭവം ആരോടും പറയാതെ പുതിയ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു. എന്നാൽ, ഇതേ വിമാനത്തിലെ മറ്റൊരു യാത്രക്കാരനും ആർ.പി.എം. ജീവനക്കാരനുമായ ബ്രിൻ്റ് ആൻ്റോ വഴിയാണ് വിവരം പുറംലോകമറിഞ്ഞത്.
വേഗത്തിലുള്ളതും പ്രൊഫഷണലായതുമായ ഇടപെടലിന് ആർ.പി.എം. മാനേജ്‌മെൻ്റ് ഇരു നഴ്‌സുമാരെയും അഭിനന്ദിച്ചു. “ആശുപത്രിക്ക് പുറത്തും രോഗിയുടെ ജീവൻ രക്ഷിച്ചതിലൂടെ അഭിജിത്തും അജീഷും ആർ.പി.എം-ൻ്റെ യഥാർത്ഥ മനോഭാവമാണ് കാണിച്ചത്,” റെസ്പോൺസ് പ്ലസ് ഹോൾഡിംഗ് സി.ഇ.ഒ. ഡോ. രോഹിൽ രാഘവൻ പറഞ്ഞു.
കാർഡിയാക് എമർജൻസികളിൽ സമയത്തിൻ്റെ പ്രാധാന്യം ഡോ. മുഹമ്മദ് അലി എടുത്തുപറഞ്ഞു: “ഓരോ നിമിഷവും വിലപ്പെട്ടതാണ്. നേരത്തെയുള്ള തിരിച്ചറിയലും സി.പി.ആറും ജീവനും മരണത്തിനുമിടയിൽ വലിയ വ്യത്യാസം ഉണ്ടാക്കും.”
ചികിത്സ ലഭിച്ച ശേഷം യാത്രക്കാരൻ നിലവിൽ സുരക്ഷിതനാണെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ കുടുംബവും ഇരുവർക്കും നന്ദി അറിയിച്ചു.



