ഗാസ – ഒരു ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് റെഡ് ക്രോസ് വഴി ഇസ്രായിലിന് കൈമാറി. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം ഹമാസ് കൈമാറുന്ന പതിനാറാമത്തെ മൃതദേഹമാണിത്. ഇനിയും 12 മൃതദേഹങ്ങള്‍ കൂടി കൈമാറാനുണ്ട്. ഈ പന്ത്രണ്ടു മൃതദേഹങ്ങളും ഇതുവരെ പുറത്തെടുക്കാന്‍ ഹമാസിന് സാധിച്ചിട്ടില്ല. യുദ്ധത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടിയില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പ്രയാസങ്ങൾ ഉണ്ടെന്നും സമയം നൽകണമെന്നും ഹമാസ് വ്യക്തമാക്കിയിരുന്നു.
ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കി തട്ടിക്കൊണ്ടുപോയ എല്ലാവരുടെയും മൃതദേഹങ്ങള്‍ തിരികെ നല്‍കാന്‍ ആവശ്യമായ ശ്രമങ്ങള്‍ നടത്തണമെന്ന് ഇസ്രായില്‍ സൈനിക വക്താവ് ക്യാപ്റ്റന്‍ എല്ല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. മൃതദേഹങ്ങള്‍ എവിടെയാണെന്ന് ഹമാസിന് കൃത്യമായി അറിയാമെന്ന് ഞായറാഴ്ച ഇസ്രായില്‍ സര്‍ക്കാര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ കണ്ടെത്താനായി റെഡ് ക്രോസുമായി സഹകരിച്ച് പ്രവർത്തിക്കാനായി ഈജിപ്ഷ്യന്‍ സാങ്കേതിക സംഘത്തെ ഗാസയിലേക്ക് പ്രവേശിക്കാന്‍ ഇസ്രായില്‍ അനുവദിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം ഇസ്രായില്‍ സൈന്യം പിന്‍വാങ്ങിയ ഗാസയിലെ യെല്ലോ ലൈന്‍ എന്നറിയപ്പെടുന്ന ഭാഗത്ത് തിരച്ചില്‍ നടത്താന്‍ ബുള്‍ഡോസറുകളും ട്രക്കുകളും ഉപയോഗിക്കും.
ബാക്കിയുള്ള ബന്ദികളില്‍ ചിലരുടെ മൃതദേഹങ്ങള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. അവരെ അടക്കിയവർ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. എന്നാലും ബന്ദികളുടെ മൃതദേഹങ്ങള്‍ക്കായി രാവും പകലും തിരച്ചില്‍ നടത്തുന്നുണ്ടെന്നും ഹമാസ് നേതാക്കൾ പറഞ്ഞു. ഇസ്രായില്‍ സൈനിക നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ അവശിഷ്ടങ്ങള്‍ക്കും തുരങ്കങ്ങള്‍ക്കും അടിയിലുള്ള മൃതദേഹാവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചില്‍ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഞായറാഴ്ച ഗാസയില്‍ പ്രവേശിച്ച ഈജിപ്ഷ്യന്‍ സംഘത്തിന് ബന്ദികളുടെ മൃതദേഹങ്ങള്‍ കുറിച്ചുള്ള ഹമാസ് വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. മൃതദേഹങ്ങളുടെ തിരച്ചിലാനായുള്ള സാങ്കേതിക പിന്തുണയും ഉപകരണങ്ങളും നല്‍കുന്നതിന് അന്താരാഷ്ട്ര സംഘടനകള്‍, പ്രത്യേകിച്ച് ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റി സഹായിക്കുമെന്ന് ഹമാസ് പ്രതീക്ഷിക്കുന്നതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
2024 ഓഗസ്റ്റില്‍ ഹമാസ് പോരാളികളുമായുള്ള ഏറ്റുമുട്ടലിനിടെ കാണാതായ ഇസ്രായിലി സൈനികന്‍ ഹദര്‍ ഗോള്‍ഡിന്റെ മൃതദേഹം കണ്ടെത്താനായി ദക്ഷിണ ഗാസ മുനമ്പിലെ റാഫ നഗരത്തില്‍ ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റി സംഘം എത്തിയിട്ടുണ്ട്. ഗാസയില്‍ ശേഷിക്കുന്ന 12 ഇസ്രായിലി ബന്ദികളില്‍ ഒമ്പതു പേരുടെ സ്ഥലങ്ങള്‍ ഇസ്രായിലിന് അറിയാമെന്നും ബാക്കിയുള്ള മൂന്നു പേരുടെ സ്ഥാനം ഇപ്പോഴും അജ്ഞാതമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
വെടിനിര്‍ത്തല്‍ നിബന്ധനകള്‍ക്കനുസൃതമായി മൃതദേഹങ്ങള്‍ കൈമാറുന്നത് പുനരാരംഭിക്കാന്‍ ഹമാസിനുമേല്‍ സമ്മര്‍ദം വര്‍ധിച്ചുവരികയാണ്. ശേഷിക്കുന്ന മുഴുവന്‍ ബന്ദികളുടെയും മൃതദേഹാവശിഷ്ടങ്ങളും ഹമാസ് കൈമാറുന്നതുവരെ ഗാസയില്‍ യു.എസ് മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ അടുത്ത ഘട്ടം നിര്‍ത്തിവെക്കണമെന്ന് ഇസ്രായിലി ബന്ദികളുടെ കുടുംബങ്ങളുടെ ഫോറം കഴിഞ്ഞദിവസം ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട എല്ലാ ബന്ദികളുടെയും കൃത്യമായ സ്ഥാനം ഹമാസിന് അറിയാം. 48 ബന്ദികളെയും തിരികെ നല്‍കാന്‍ കരാറില്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധി കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടു. എന്നിട്ടും 12 പേര്‍ ഹമാസിന്റെ കസ്റ്റഡിയിൽ ആണെന്നും ഫോറം പ്രസ്താവനയില്‍ പറയുന്നു. ഹമാസ് എല്ലാ ബന്ദികളെയും ഇസ്രായിലിന് കൈമാറുന്നത് വരെ കരാറിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങരുതെന്ന് കുടുംബങ്ങള്‍ ഇസ്രായില്‍ സര്‍ക്കാരിനോടും യു.എസ് ഭരണകൂടത്തോടും മധ്യസ്ഥരോടും ആവശ്യപ്പെട്ടു.
ഒക്ടോബര്‍ 10 ന് വെടി നിർത്തൽ നിലവിൽ വന്ന ശേഷം കരാര്‍ പ്രകാരം, ഹമാസ് ജീവിച്ചിരിക്കുന്ന 20 ബന്ദികളെ മോചിപ്പിക്കുകയും ഇസ്രായില്‍ മുമ്പ് മരിച്ചതായി പ്രഖ്യാപിച്ച 28 ബന്ദികളില്‍ 16 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയ ഒമ്പതു ഇസ്രായിലികള്‍, 2024 മുതല്‍ കാണാതായ ഇസ്രായിലി സൈനികന്‍, തായ്‌ലന്റില്‍ നിന്നും ടാന്‍സാനിയയില്‍ നിന്നുമുള്ള ഓരോ തൊഴിലാളികള്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് ഇനി കൈമാറാനുള്ളത്.



