റിയാദ് – ആരോഗ്യ മന്ത്രിയും സൗദി ഹെല്‍ത്ത് ഹോള്‍ഡിംഗ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഫഹദ് അല്‍ജലാജില്‍ ലോകത്തിലെ ആദ്യത്തെ പ്രമേഹ രോഗ നിരീക്ഷണ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. പ്രമേഹ രോഗികളുടെ ആരോഗ്യ സൂചകങ്ങളുടെ ഇലക്‌ട്രോണിക്, പ്രോആക്ടീവ് ട്രാക്കിംഗ് പ്രാപ്തമാക്കുന്ന കേന്ദ്രമാണിത്. ഉത്തര റിയാദിലെ മല്‍ഹമിലുള്ള റിയാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ എട്ടാമത് ഗ്ലോബല്‍ ഹെല്‍ത്ത് ഫോറത്തില്‍ വെച്ചാണ് ആരോഗ്യ മന്ത്രി പ്രമേഹ രോഗ നിരീക്ഷണ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തത്.
രാജ്യത്തുടനീളമുള്ള പ്രമേഹ രോഗികളുടെ സുപ്രധാന ലക്ഷണങ്ങളുടെ പ്രോആക്ടീവ്, ഡിജിറ്റല്‍ നിരീക്ഷണം പ്രാപ്തമാക്കുകയും ആരോഗ്യസ്ഥിതികളുടെ തുടര്‍ച്ചയായ നിരീക്ഷണം വര്‍ധിപ്പിക്കുകയും ആവശ്യമായ വൈദ്യസഹായം നല്‍കുകയും ചെയ്യുന്ന ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ കേന്ദ്രമാണ് പ്രമേഹ രോഗ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ എന്ന് സൗദി ഹെല്‍ത്ത് ഹോള്‍ഡിംഗ് കമ്പനി വിശദീകരിച്ചു.
ചികിത്സക്ക് മുമ്പ് പ്രതിരോധത്തിന് പ്രാധാന്യം നല്‍കുകയും ആളുകളെ ശ്രദ്ധാകേന്ദ്രമാക്കുകയും ചെയ്യുന്ന സൗദി ആരോഗ്യ പരിചരണ മാതൃകയുടെ ചട്ടക്കൂടിനുള്ളില്‍, രോഗികളെ അവരുടെ ആരോഗ്യസ്ഥിതി കാര്യക്ഷമമായും ആത്മവിശ്വാസത്തോടെയും കൈകാര്യം ചെയ്യാന്‍ പ്രാപ്തമാക്കുന്ന നൂതന സേവനങ്ങള്‍ നല്‍കുന്നതിലൂടെ പ്രതിരോധ പരിചരണ ഉപകരണങ്ങള്‍ വികസിപ്പിക്കാനും പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഈ കേന്ദ്രം വ്യക്തമാക്കുന്നു. ആരോഗ്യ മേഖലയിലെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഫലങ്ങളിലൊന്നാണ് ഈ കേന്ദ്രം. സേവനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുകയും ഡോക്ടര്‍മാരും ഗുണഭോക്താക്കളും തമ്മില്‍ നേരിട്ടുള്ള ആശയവിനിമയം സാധ്യമാക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സങ്കീര്‍ണതകള്‍ കുറക്കാനും ഫലപ്രദമായ ആരോഗ്യ പരിചരണ പ്രതികരണം കൈവരിക്കാനും ഇത് സഹായിക്കുന്നു.
മനുഷ്യരാശിയെ സേവിക്കാനും ജീവിത നിലവാരം ഉയര്‍ത്താനുമായി ആധുനിക സാങ്കേതികവിദ്യകളും കൃത്രിമ ബുദ്ധിയും ഉപയോഗിക്കാനുള്ള ദേശീയ സമീപനത്തിന്റെ ഭാഗമായി എ.ഐഡോക്ടര്‍മാരുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സൗദി അറേബ്യ ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. രാജ്യത്ത് 70 ശതമാനം കാന്‍സര്‍ കേസുകളും പ്രാരംഭ ഘട്ടത്തിലാണ് കണ്ടെത്തുന്നത്. രാജ്യത്ത് ആയുര്‍ദൈര്‍ഘ്യം 2016 ലെ 74 വര്‍ഷത്തില്‍ നിന്ന് 2025 ല്‍ 79 വര്‍ഷമായി വര്‍ധിച്ചു. ഇത് ജീവിതം ആരംഭിക്കുന്നതിന് മുമ്പ് ആളുകളെ പരിചരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ ആരോഗ്യ സംരക്ഷണ മാതൃകയുടെ വിജയത്തെ പ്രതിഫലിപ്പിക്കുന്നതായും ആരോഗ്യ മന്ത്രി പറഞ്ഞു.
ഗ്ലോബല്‍ ഹെല്‍ത്ത് ഫോറത്തിനിടെ ഇന്ന് 124 ബില്യണിലേറെ റിയാലിന്റെ കരാറുകളും പങ്കാളിത്തങ്ങളും ഒപ്പുവെച്ചതായി ആരോഗ്യമന്ത്രി ഫഹദ് അല്‍ജലാജില്‍ പറഞ്ഞു. രാജ്യത്തെ ആരോഗ്യ പരിവര്‍ത്തനത്തിന്റെ വേഗത ത്വരിതപ്പെടുത്തുക, ഡിജിറ്റല്‍ ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, സുപ്രധാന വ്യവസായങ്ങളെ പ്രാദേശികവല്‍ക്കരിക്കുക എന്നിവയാണ് ഈ കരാറുകളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.



