ജിസാൻ: ജിസാനിലെ പ്രവാസികളെല്ലാം പ്രായഭേദമന്യേ”ദേവേട്ടൻ” എന്ന് സ്‌നേഹപൂർവം വിളിക്കുന്ന സാമൂഹിക പ്രവർത്തകനും ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷന്റെ (ജല) മുഖ്യരക്ഷാധികാരിയുമായ വെന്നിയൂർ ദേവൻ 32 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. ജിസാനിലെ വിവിധ സംഘടനാ നേതാക്കളും പ്രവർത്തകരും സുഹൃത്തുക്കളും ഒത്തുചേർന്ന “ദേവേട്ടനൊപ്പം” എന്ന ചടങ്ങിൽ ജിസാനിലെ പ്രവാസി മലയാളി സമൂഹം ആദ്ദേഹത്തിന് സ്‌നേഹോഷ്‌മളമായ യാത്രയയപ്പ് നൽകി. പ്രവാസ ജീവിതത്തിൻറെ തീവ്രമായ അനുഭവങ്ങളും ഓർമകളും പങ്കിട്ട ചടങ്ങിൽ ജിസാനിലെ പ്രവാസി സംഘടനാ നേതാക്കളും പ്രവർത്തകരുമടക്കമുള്ള പ്രവാസി സമൂഹം പങ്കെടുത്തു.
വേറിട്ട സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജിസാനിലെ പ്രവാസി സമൂഹത്തിന്റെ ഹൃദയത്തിൽ ഇടം നേടിയ വെന്നിയൂർ ദേവൻ സമൂഹത്തിനാകെ മാതൃകയാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു. ജിസാൻ മഅബൂജ് ഹാളിൽ നടന്ന ചടങ്ങിൽ ജല കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ഫൈസൽ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. ജല ജനറൽ സെക്രട്ടറി സലാം കൂട്ടായി വെന്നിയൂർ പ്രശംസാ ഫലകം കൈമാറി. ജിസാനിലെ പ്രവാസി സാമൂഹിക രംഗത്ത് ദേവൻ നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളെക്കുറിച്ച് ജല രക്ഷാധികാരി താഹ കൊല്ലേത്ത് വിശദീകരിച്ചു.
നാസർ വി.ടി ഇരുമ്പുഴി (കെ.എം.സി.സി), നാസർ ചേലേമ്പ്ര (ഒ.ഐ.സി.സി), അനസ് ജൗഹരി (ഐ.സി.എഫ്), മുഹമ്മദ് ഇസ്മായിൽ മാനു (തനിമ), ജല ട്രഷറർ ഡോ.ജോ വർഗീസ്, സെക്രട്ടറിമാരായ സണ്ണി ഓതറ, അനീഷ് നായർ, വൈസ് പ്രസിഡന്റുമാരായ ഡോ. രമേശ് മൂച്ചിക്കൽ, ഹനീഫ മൂന്നിയൂർ, രക്ഷാധികാരിമാരായ എം.കെ ഓമനക്കുട്ടൻ, മൊയ്‌തീൻ ഹാജി ചേലക്കര, മനോജ് കുമാർ, സതീഷ് കുമാർ നീലാംബരി, കേന്ദ്ര കമ്മിറ്റിഅംഗങ്ങളായ ഹർഷാദ് അമ്പയക്കുന്നുമ്മേൽ, ജബ്ബാർ പാലക്കാട്, അൽഅമീൻ, സമീർ പരപ്പനങ്ങാടി, ഫ്‌ളവേഴ്‌സ് ചാനൽ കോമഡി താരം ഫൈസൽ പെരുമ്പാവൂർ,കോശി ചുങ്കത്തറ, സലാം എളമരം എന്നിവർ ആശംസകൾ നേർന്നു.
ജിദ്ദ നവോദയയുടെ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം, കെ.എം.സി.സി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായി, കെ.എം.സി.സി ജിസാൻ കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷംസു പൂക്കോട്ടൂർ എന്നിവരുടെ വീഡിയോ സന്ദേശങ്ങളും വെന്നിയൂർ ദേവനെക്കുറിച്ചുള്ള ഡോക്യുമെൻററിയും ചടങ്ങിൽ പ്രദർശിപ്പിച്ചു. ജിസാൻ തനിമ സാംസ്‌കാരിക വേദിയുടെ ആശംസാ ഫലകം മുഹമ്മദ് ഇസ്മായിൽ മാനു, ഷാഹിൻ കെവിടൻ, നാസർ കാപ്പിൽ, ഷെഫീക്ക് റഹ്‌മാൻ, സജീർ കൊടിയത്തൂർ എന്നിവർ വെന്നിയൂർ ദേവന് കൈമാറി. ജല ഏരിയ സെക്രട്ടറി അന്തുഷ ചെട്ടിപ്പടി സ്വാഗതവും പ്രസിഡൻറ് സലീം മൈസൂർ നന്ദിയും പറഞ്ഞു. ശിഹാബ് കരുനാഗപ്പള്ളി, അഷറഫ് മണ്ണാർകാട്, മുനീർ നീരോൽപ്പാലം, ജോർജ് തോമസ്, മുസ്തഫ പട്ടാമ്പി, ഗഫൂർ പൊന്നാനി, ജമാൽ കടലുണ്ടി,വസീം മുക്കം, മോഹൻദാസ്, ബാലൻ കൊടുങ്ങല്ലൂർ, മുസ്തഫ പൂവത്തിങ്കൽ, ഷാജി കരുനാഗപ്പള്ളി ,ഹക്കീം വണ്ടൂർ ,അഷറഫ് മച്ചിങ്ങൽ, ജാഫർ താനൂർ, അഷറഫ് പാണ്ടിക്കാട്, വത്സരാജൻ, സനീഷ് എന്നിവർ നേതൃത്വം നൽകി.


തൊഴിലില്ലാത്തവർക്കും രോഗികളായവർക്കും നിയമപ്രശ്നങ്ങൾ മൂലം കുടുംബങ്ങളിലെത്താൻ കഴിയാതെ ദുരിതം അനുഭവിച്ച നൂറുകണക്കിന് പ്രവാസികൾക്കും ആശ്വാസമേകാൻ ദേവൻറെ സാമൂഹിക പ്രവർത്തനങ്ങൾക്ക് കഴിഞ്ഞതായി ജിസാനിലെ സംഘടനാ നേതാക്കൾ അനുസ്‌മരിച്ചു. തൊഴിൽ ഇടങ്ങളിലെ പീഡനം, മരണം, അപകടങ്ങൾ തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും പ്രവാസികൾക്ക് സഹായം എത്തിക്കുന്നതിൽ എന്നും ദേവൻ മുൻപന്തിയിലായിരുന്നു. സാമൂഹിക സേവനത്തിനപ്പുറം മനുഷ്യനെന്ന നിലയിൽ മറ്റൊരാളുടെ കൈ പിടിക്കാനുള്ള അദ്ദേഹത്തിൻറെ സഹൃദയത്വമായിരുന്നു ആ ഇടപെടലുകളെല്ലാം. അത് കേവലം സഹായമോ കാരുണ്യ പ്രവർത്തനമോ എന്നതിനപ്പുറം സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പൊതുപ്രവർത്തകൻറെ സഹജീവികളോടുള്ള കരുതലായിരുന്നു. ജിസാൻ സാംതയിലെ ഹൂത്തി ഷെൽ ആക്രമണങ്ങളിൽ മരണമടഞ്ഞ മലയാളികൾക്കും പരിക്കേറ്റവർക്കും സഹായമെത്തിക്കുന്നതിനും കോവിഡ് കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിലും ശ്രദ്ധേയമായി ഇടപെടലുകൾ നടത്തി. ജിസാനിൽ പാവപ്പെട്ട പ്രവാസികളും സാധാരണ തൊഴിലാളികളും ദേവനെ ഒരു സംഘടനാ നേതാവയല്ല, സുഹൃത്തും സഹോദരനുമായാണ് കണ്ടിരുന്നത്.
മലപ്പുറം ജില്ലയിലെ വെന്നിയൂർ ഗ്രാമത്തിൽ ജനിച്ച ദേവൻ നന്നെ ചെറുപ്പത്തിൽ തന്നെ തൊഴിൽ തേടി സൗദിയിലെത്തിയ പ്രവാസിയാണ്. കോഴിക്കോട് സർവകലാശാലയിൽ നിന്ന് പ്രീഡിഗ്രിയും ചെന്നൈ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇലക്ട്രോണിക്സിൽ ഡിപ്ലോമയും നേടിയശേഷം1994 ലാണ് ദേവൻ റിയാദിലെത്തുന്നത്. യാതനയും ദുരിതങ്ങളും നിറഞ്ഞ പ്രവാസ ജീവിതത്തിൻറെ ആദ്യ ഘട്ടങ്ങളിൽ അവിടെ കിട്ടിയ എല്ലാ ജോലികളും ചെയ്‌തു. പിന്നീട് റിയാദിലെ ജഫാലി ബ്രദേഴ്‌സ് കമ്പനിയിൽ എയർകണ്ടീഷൻ ഇൻസ്റ്റലേഷൻ സൂപ്പർവൈസർ, കോൺട്രാക്ടർ എന്നീ നിലകളിൽ കുറച്ചു കാലം പ്രവർത്തിച്ചു. തുടർന്ന് എട്ടു വർഷത്തോളം പ്രമുഖ ഇന്ത്യൻ കമ്പനിയായ ടെലികമ്യൂണിക്കേഷൻ കൺസൽട്ടന്റ് ഇന്ത്യ ലിമിറ്റഡിൽ സേവനമനുഷ്ഠിച്ചു. അതിനുശേഷം എസ്.ടി.സി സൊലൂഷൻസ് കമ്പനിയിൽ ചേർന്നു. കമ്പനിയിൽ റിക്കർ, ടെക്‌നീഷ്യൻ എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷം 2023 ൽ ടെക്‌നിക്കൽ സൂപ്പർവൈസറായാണ് അദ്ദേഹം വിരമിച്ചത്. രണ്ടുവർഷമായി ജിസാനിൽ സ്വന്തമായി ബിസിനസ് നടത്തിവരുകയായിരുന്നു.
2006 ൽ ജിസാനിലെത്തിയ ദേവൻ പ്രവാസികളുടെ നാനാവിധ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ട് പൊതുരംഗത്ത് സജീവമാകുകയായിരുന്നു. ജിസാനിലെ പ്രവാസികളുടെ കലാ സാംസ്‌കാരിക കൂട്ടായ്‌മയായ ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻറെ (ജല) രൂപീകരണത്തിൽ മുഖ്യപങ്കുവഹിച്ച അദ്ദേഹം മികച്ച പ്രവർത്തനങ്ങളിലൂടെ ജലയുടെ മുഖമായി മാറി. ജലയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്ദേഹം സംഘടനയുടെ രൂപീകരണം മുതൽ പത്തു വർഷക്കാലം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. അതിനു ശേഷം രക്ഷാധികാരി, മുഖ്യരക്ഷാധികാരി എന്നീ നിലയിലും വേറിട്ട സാമൂഹിക പ്രവർത്തനമാണ് കാഴ്ചവെച്ചത്. പ്രവാസികൾക്കിടയിൽ മതേതരത്വവും പുരോഗമന ചിന്തകളും വളർത്തുന്നതിൽ അക്ഷീണം പ്രവർത്തിച്ച ദേവൻ നാട്ടിലേക്ക് മടങ്ങുന്ന ഘട്ടം വരെയും കർമ്മനിരതനായിരുന്നു. ദീർഘകാലം കൈരളി ടിവിയിലെ പ്രവാസലോകം പരിപാടിയുടെ കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. പ്രവാസലോകത്തെ സാമൂഹിക പ്രവർത്തനങ്ങൾ നാട്ടിലും തുടരുമെന്ന് വെന്നിയൂർ ദേവൻ ദ മലയാളം ന്യൂസിനോട് പറഞ്ഞു. ജോഷ്‌ണയാണ് ജീവിത പങ്കാളി. മക്കളായ രവിരാജ്, ഗായത്രി സരോജിനി, ഗൗരി ദേവ് എന്നിവർ നാട്ടിൽ വിദ്യാർത്ഥികളാണ്.



