റിയാദ് – റിയാദ് കണ്ണൂര്‍ ജില്ലാ കെഎംസിസി ഒരു വര്‍ഷമായി സംഘടിപ്പിച്ചുവരുന്ന തസ്‌വീദ് ക്യാമ്പയിന്റെ സമാപന മഹാ സമ്മേളനം ഇന്ന് മലസിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നടക്കും. വൈകീട്ട് 7 മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫസര്‍ കാദര്‍ മൊയ്ദീന്‍, പ്രതിപക്ഷ ഉപനേതാവും ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ കല്ലായി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, മുസ്ലിം ലീഗ് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സുല്‍ഫിക്കര്‍ സലാം എന്നിവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


അബൂബക്കര്‍ ഹാജി ബ്ലാത്തൂരിന് ഇ അഹമ്മദ് സാഹിബ് സ്മാരക മാനവസേവ അവാര്‍ഡും ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മക്ക ഹൈപ്പര്‍ മാര്‍ക്കറ്റ് എംഡി പികെ മമ്മൂട്ടി, അദ്‌നാന്‍ ഗ്രൂപ്പ് എംഡി സുബൈര്‍ അബൂബക്കര്‍, എഎസ്‌ക്യൂ ഫുഡ് ആന്റ് ബിവറേജസ് എംഡി ഇംതിയാസ് ഉള്ളാള്‍, യു പി സി കാറ്റ്‌റിഡ്ജ് സാരഥി അഷ്‌റഫ്, സെല്ല ഹൈപ്പര്‍മാര്‍ക്കറ്റ് എം ഡി റിയാദ് കാര്യത്ത് എന്നിവര്‍ക്ക് ബിസിനസ് എക്‌സലന്‍സി അവാര്‍ഡും എഐ കെഎംസിസി നേതാവ് എം.കെ നൗഷാദിന് വിഷനറി ലീഡര്‍ഷിപ്പ് അവാര്‍ഡും സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ കൈമാറും. കഴിഞ്ഞ ഒരു വര്‍ഷമായി 20 ഓളം പരിപാടികളാണ് തസ്‌വീദ് ക്യാമ്പയിനിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ കെഎംസിസി സംഘടിപ്പിച്ചത്. റിയാദ് മട്ടന്നൂര്‍ മണ്ഡലം കെഎംസിസിയുടെ മഹര്‍ജാന്‍ സയ്യിദാത്ത് വുമണ്‍സ് ക്യാമ്പ്, ഗ്രീന്‍ റിക്രിയേഷന്‍ ക്ലബ് വി കെ അബ്ദുല്‍ കാദര്‍ സാഹിബ് സ്മാരക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, റിയാദ് ധര്‍മടം മണ്ഡലം കെഎംസിസി അരിയില്‍ ഷുക്കൂര്‍ സ്മാരക ക്രിക്കറ്റ് ടൂര്‍ണമെന്റ്, ഇന്ത്യന്‍ സ്‌കൂള്‍ ഫെസ്റ്റ്, റാഷിദ് ഗസ്സാലിയുടെ പിആര്‍പി മെന്ററിംഗ് കോഴ്‌സ്, ലീഡ് അപ്പ് ജില്ലാ പ്രവര്‍ത്തക ക്യാമ്പ്, അരിയില്‍ ഷുക്കൂര്‍ പ്രാര്‍ത്ഥന സദസ്സും അനുസ്മരണവും, ഗ്രാന്‍ഡ് ഇഫ്താര്‍, മുന്നൊരുക്കം പ്രവര്‍ത്തക ക്യാമ്പും സൗദി ദേശീയ ദിനാഘോഷവും, ഹരീഖ് ഓറഞ്ച് ഫെസിറ്റിവല്‍, ഹിഡന്‍ കാനിയോന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഫാമിലി ട്രിപ്പ്, ചെറിയ പെരുന്നാളിനോടനുബന്ധിച്ച് പെരുന്നാള്‍ പെരുമ, ഹരിത കലാവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘റിയാദിയന്‍സിന് കണ്ണൂരിന്റെ സംസ്‌കാരവും രുചിയും സ്വരവും’ എന്ന ആശയവുമായി കണ്ണൂര്‍ ഫെസ്റ്റ്, ഫ്യൂഷന്‍ സ്‌നാക്ക് മത്സരം, മെഹന്തി ഫെസ്റ്റ്, ഇസ്മ മെഡിക്കല്‍ ക്ലിനിക്കിന്റെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പ്, നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്, സാംസ്‌കാരിക പവലിയനില്‍ ഒരുക്കിയ കണ്ണൂരിന്റെ ചരിത്രം, വര്‍ത്തമാനം, ടൂറിസം എന്നിവ പ്രതിപാദിച്ച ഫോട്ടോ പ്രദര്‍ശനം, കണ്ണൂര്‍ പാലക്കയം തട്ടിന്റെ ഫോട്ടോ ഫ്രെയിം രൂപകല്‍പന, തലശ്ശേരി സ്‌നാക്കുകളുമായി കുടുംബിനികള്‍ ഒരുക്കിയ സ്റ്റാളുകള്‍, പഴയ ഓര്‍മ്മകള്‍ ഉണര്‍ത്തിയ പി.ടി.എച്ച്.ന്റെ ഉന്തുവണ്ടി തുടങ്ങിയവ സംഘടിപ്പിച്ചു.
സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി.കെ മുഹമ്മദ്, കണ്ണൂര്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് അന്‍വര്‍ വാരം, ജനറല്‍ സെക്രട്ടറി മുക്താര്‍ പി.ടി.പി, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് പെരുമ്പ, ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ റസാഖ് വളക്കൈ, ട്രഷറര്‍ യാകൂബ് തില്ലങ്കേരി, സീനിയര്‍ വൈസ് പ്രസിഡന്റ് സൈഫു വളക്കൈ തുടങ്ങിയവര്‍ പങ്കെടുത്തു.



