ഇന്ന് ലോകത്തുള്ള നിരവധി സഞ്ചാര കേന്ദ്രങ്ങളിലും, മറ്റു ഇടങ്ങളിലുമെല്ലാം പാരച്യൂട്ട് ജമ്പ് വളരെയധികം പ്രസിദ്ധമാണ്. ഒരു വിനോദമായി കാണുന്ന പാരച്യൂട്ട് ജമ്പ് നടത്താൻ ഇന്ന് നിരവധി പേർ ഇത്തരം സഞ്ചാര കേന്ദ്രങ്ങളിൽ എത്താറുണ്ട്.
ലോകത്തെ ആദ്യത്തെ പാരച്യൂട്ട് ജമ്പ് നടന്ന ദിവസമാണ് ഒക്ടോബർ 22.
1769ൽ ഫ്രാൻസിൽ ജനിച്ച ഒരു പ്രശസ്ത പാരച്യൂട്ട് നിർമ്മാതാവും ബലൂണിസ്റ്റുമായിരുന്നു ആൻഡ്രേ-ജാക്വസ് ഗാർണറിൻ. ലോകത്തിന് ഫ്രെയിമിലെസ് പാരച്യൂട്ട് പരിചയപ്പെടുത്തിക്കൊടുത്ത ഇദ്ദേഹം ഫ്രഞ്ച് വിപ്ലവ കാലത്ത് സൈനിക ആവശ്യങ്ങൾക്ക് വേണ്ടി ബലൂൺ പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ ആവശ്യപ്പെട്ടിരുന്നു. 1790 കളിൽ ഫ്രഞ്ച് സൈന്യത്തിന്റെ ഇൻസ്പെക്ടറായി ചുമതലയേറ്റ ഇദ്ദേഹം 1793ൽ ബ്രിട്ടീഷ് സൈന്യത്തിന്റെ പിടിയിലായിരുന്നു. ഹംഗറിയിലെ ഒരു ജയിലിൽ ഏകദേശം രണ്ട് വർഷത്തോളം തടവിൽ കിടന്നിരുന്ന ആ സമയത്താണ് ഗാർണറിന് മനസ്സിൽ ഒരു ആശയം ഉദിച്ചത്.
പാരച്യൂട്ട് ജമ്പ്
തുടർന്ന് 1795ൽ ജയിൽ മോചിതനായ ഗാർണറിന് തന്റെ സഹോദരനുമായി ചേർന്ന് സ്വന്തമായി ഒരു ഫ്രെയിംലെസ് പാരച്യൂട്ട് നിർമ്മിച്ചു. ഇതാണ് ലോകത്തിലെ ആദ്യത്തെ ഫ്രെയിംലെസ് പാരച്യൂട്ട്
തുടർന്ന് 1797 ഒക്ടോബർ 22ന് പാരിസിലെ പാർക്ക് മോൺസോയിൽ വെച്ച് ആ ചരിത്ര നേട്ടത്തിന് അദ്ദേഹം അർഹനായി. ഏകദേശം 3200 അടി ഉയരത്തിൽ നിന്ന് ( 1000 മീറ്റർ ) ചാടി ബലൂണിനെ വേർപെടുത്തി ലോകത്തിലെ ആദ്യം പാരച്യൂട്ട് ജമ്പ് നടത്തിയ വ്യക്തിയായി മാറി.
പക്ഷെ സുരക്ഷ സംവിധാനം ഇല്ലാത്തതിനാൽ തന്നെ അമിതമായ തിരിയൽ (oscillations) ഉണ്ടായെങ്കിലും സുരക്ഷിതമായി തന്നെ ഒരു മൈതാനത്ത് ഇറങ്ങി.
പിന്നീട് പാരച്യൂട്ട് ജമ്പിന്റെ പ്രശസ്തി ലോകം മുഴുവൻ പ്രചരിക്കുകയും ഒരു വിനോദമായി കാണാനും ആരംഭിച്ചു.



