കോഴിക്കോട്- ബദല്‍ മാധ്യമങ്ങള്‍ മാത്രമല്ല പരമ്പരാഗത ഇന്ത്യന്‍ മാധ്യമങ്ങള്‍ വരെ ഓണ്‍ലൈന്‍ രംഗത്ത് സാമ്പത്തിക വെല്ലുവിളി നേരിടുന്നുണ്ടെന്നും ഇതിന്റെ പ്രയോജനവും ലാഭവും നേടിയെടുക്കുന്നവര്‍ ഫെയ്‌സ്ബുക്, ഗൂഗിള്‍, യൂടൂബ് തുടങ്ങിയ ആഗോള മേഖലയിലെ അഞ്ചോ ആറോ കമ്പനികളാണെന്നും ദി വയര്‍ സ്ഥാപക പത്രാധിപരിലൊരാളും ഡയരക്ടറുമായ എം.കെ വേണു. കോഴിക്കോട് അളകാപുരി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഞ്ചാമത് എന്‍ രാജേഷ് മാധ്യമ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിലെ മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങളോ ടൈംസ് ഓഫ് ഇന്ത്യ പോലുള്ള ഇന്ത്യയിലെ വന്‍കിട ഇംഗ്ലീഷ് പത്രങ്ങളോ അവരുടെ ഓണ്‍ലൈനില്‍ ലാഭമുണ്ടാക്കുന്നത് പോലും ഉള്ളടക്കം പരിഗണിക്കുമ്പോള്‍ തുലോം കുറവാണ്. മുഖ്യധാരാ പത്രങ്ങള്‍ അവരുടെ പ്രിന്റ് എഡിഷനില്‍ വരുന്ന പരസ്യങ്ങളിലൂടെ മാത്രമാണ് മുഖ്യവരുമാനം കണ്ടെത്തുന്നത്. ഗ്ലോബല്‍ സമീന്ദാര്‍സ് ആയിട്ടുള്ള അഞ്ചോ ആറോ കമ്പനികളാണ് വിവിധ കമ്പനികളുടെ ഓണ്‍ലൈന്‍ പരസ്യങ്ങളിലൂടെ ലാഭമുണ്ടാക്കുന്നതെന്നും ദി വയര്‍ പോലുള്ള ബദല്‍ മാധ്യമങ്ങള്‍ സ്വാഭാവികമായും കൂടുതല്‍ പ്രതിസന്ധി നേരിടുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
ഭരണകൂടത്തിന്റെ നാക്കാവുന്ന മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൊതുജനങ്ങള്‍ നല്‍കുന്ന അംഗീകാരവും സമ്മതവുമാണ് ദി വയര്‍ ഉള്‍്‌പ്പെടെയുള്ള ബദല്‍ മാധ്യമങ്ങളുടെ ശക്തി. യാത്രകളിലോ പൊതുവഴിയോ കാണുന്നവരും വിമാനത്താവളങ്ങളില്‍ പോലും കണ്ടുമുട്ടുന്നവരും ദിവയറിന് നന്ദി പറഞ്ഞ് രംഗത്ത് വരാറുണ്ട്. പല മേഖലകളിലുള്ള സാധാരണക്കാര്‍ ദ വയറിന് നല്‍കുന്ന അംഗീകാരം വളരെ വലുതാണ്. നിരന്തരം വ്യാജ വാര്‍ത്തകള്‍ ബോധപൂര്‍വ്വം പ്രചരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ശരിയും യാഥാര്‍ത്ഥ്യവും പറഞ്ഞുകൊണ്ടേയിരിക്കുകയെന്ന ദൗത്യമാണ് തങ്ങള്‍ നിര്‍വ്വഹിക്കുന്നതെന്നും ്അദ്ദേഹം വിശദീകരിച്ചു.



