അബുദാബി – യുഎഇയുടെ ഈന്തപ്പഴപ്പെരുമ പ്രദർശിപ്പിക്കുന്ന ഈന്തപ്പഴോത്സവത്തിനും ലേലത്തിനും അൽ ദഫ്രയിലെ സായിദ് സിറ്റിയിൽ തുടക്കം കുറിച്ചു. അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ ഒക്ടോബർ 26 വരെയാണ് ഉത്സവം. വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അബുദാബി പൈതൃക അതോറിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉന്നതനിലവാരത്തോടുകൂടിയ അപൂർവയിനം ഈന്തപ്പഴങ്ങൾ മികച്ചവിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് ലേലത്തിലൂടെ ഒരുങ്ങുന്നത്. ആഫ്രിക്കൻ രാജ്യമായ മൊറോക്കോയാണ് ഇത്തവണത്തെ അതിഥികൾ.
വ്യത്യസ്തമാർന്ന 21 മത്സരങ്ങളിലായി മൊത്തം 55.59 ലക്ഷം ദിർഹത്തിന്റെ സമ്മാനമാണ് പുതിയ പതിപ്പിലുള്ളത്. പെയിന്റിങ്, ഫോട്ടോഗ്രഫി, തേൻ എന്നിവയുമായി ബന്ധപ്പെട്ട നിരവധി മത്സരങ്ങളും ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ആഭ്യന്തര തേൻ ഉത്പാദനം ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രൂപകല്പനചെയ്ത ഒരു തേൻഗ്രാമവും ഉത്സവത്തിന്റെ ഭാഗമാണ്.
പരമ്പരാഗത കലാപ്രകടനങ്ങൾ, കരകൗശല വസ്തുക്കളുടെ പ്രദർശനങ്ങൾ എന്നിവയ്ക്ക് പുറമേ വിപുലമായ സാംസ്കാരിക, വിനോദ, വിദ്യാഭ്യാസ പ്രവർത്തനങ്ങളും ശില്പശാലകളും പ്രഭാഷണങ്ങളും അരങ്ങേറും.