റിയാദ്– തലശ്ശേരി മണ്ഡലം വെല്‍ഫേര്‍ അസോസിയേഷന്‍ റിയാദ് സില്‍വര്‍ ജൂബിലി വാര്‍ഷികം ആഘോഷിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി റിയാദില്‍ മക്ക റോഡ് എക്‌സിറ്റ് 26 ലെ ഫ്‌ലെമിംഗോ മാളില്‍ അദ്‌നാന്‍ മെഹ്ഫില്‍25 എന്ന പേരില്‍ മെഗാ സംഗീത സന്ധ്യ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 24 ന് വെള്ളിയാഴ്ച വൈകുന്നേരം നാല് മുതല്‍ 12 വരെയാണ് പരിപാടി സംഘടിപ്പിക്കുക.
പ്രശസ്ത ഗായകരായ ആബിദ് കണ്ണൂരും സജിലി സലീമും നേതൃത്വം നല്‍കുന്ന പരിപാടിയില്‍ റിയാദിലെ പ്രാദേശിക കലാകാരന്മാരുടെയും കുട്ടികളുടെയും മറ്റ് കലാപരിപാടികളും അരങ്ങേറും. കൂടാതെ വനിതകള്‍ക്കായി ‘പുഡ്ഡിംഗ് ഫെസ്റ്റ്’ എന്ന പേരില്‍ പ്രത്യേക പാചകമത്സരവും സംഘടിപ്പിക്കും. രുചിയൂറും തലശ്ശേരി വിഭവങ്ങള്‍ ഉള്‍ക്കൊളിച്ചുള്ള ഫുഡ് സ്റ്റാളുകളും ഉണ്ടാകും.
റിയാദില്‍ കഴിഞ്ഞ 25 വര്‍ഷമായി ജീവകാരുണ്യ മേഖലയില്‍ വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയായി നിലകൊള്ളുന്ന സംഘടനകളില്‍ ഒന്നാണ് തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന ടി.എം.ഡബ്ലു.എ റിയാദ്. റിയാദിലെ അഞ്ഞൂറോളം വരുന്ന തലശ്ശേരി സ്വദേശികളായ പ്രവാസികളുടെ ഈ കൂട്ടായ്മ, നാട്ടിലെ വിവിധ മേഖലകളില്‍ അര്‍ഹരായവരെ കണ്ടെത്തി സഹായം എത്തിക്കുന്നതിനോടൊപ്പം, റിയാദില്‍ വിവിധ കലാ, കായിക, സാംസ്‌കാരിക, സാമൂഹിക പരിപാടികളിലൂടെ സംഘടനയിലെ മെമ്പര്‍മാരുമായി വളരെ അടുത്ത സാമൂഹിക ബന്ധം നിലനിര്‍ത്തുന്നു. വാര്‍ത്താസമ്മേളനത്തില്‍ തന്‍വീര്‍ ഹാഷിം (പ്രസിഡന്റ്), ഷമീര്‍ ടി.ടി (ജനറല്‍ സെക്രട്ടറി), അഫ്താബ് അമ്പിലായില്‍ (വൈസ് പ്രസിഡന്റ്), ഹാരിസ് പി.സി (ഇവന്റ് ഹെഡ്), അസ്‌കര്‍ വി.സി (സ്‌പോണ്‍സര്‍ഷിപ് ഹെഡ്), അബ്ദുല്‍ ഖാദര്‍ മോച്ചേരി (സ്‌പെഷ്യല്‍ പ്രൊജക്റ്റ് ഹെഡ്) എന്നിവര്‍ പങ്കെടുത്തു.