ജിദ്ദ > ഗാസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ ഒട്ടും പര്യാപ്തമല്ലെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. ഇസ്‌ലാമാബാദില്‍ പാക്കിസ്ഥാന്‍ വിദേശ മന്ത്രാലയ ആസ്ഥാനത്ത് പാക് വിദേശ മന്ത്രി ഇസ്ഹാക് ദറിനൊപ്പം സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി. ഗാസയില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 33,000 കവിഞ്ഞിരിക്കുന്നു. മതിയായ നിലക്ക് സഹായങ്ങള്‍ എത്താത്ത പശ്ചാത്തലത്തില്‍ ഗാസയില്‍ പട്ടിണി ഉണ്ടാകാനുള്ള സാധ്യതയുള്ളതായി ഭീതിയുണ്ട്.
ഗാസ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം നിറവേറ്റുകയും ഇരട്ടത്താപ്പ് ഒഴിവാക്കുകയും വേണം. അടുത്തിടെ രക്ഷാ സമിതി അംഗീകരിച്ച പ്രമേയങ്ങളും ഇസ്രായില്‍ ലംഘിക്കുകയാണ്. മധ്യപൗരസ്ത്യദേശത്ത് സംഘര്‍ഷം കൂടുതല്‍ മൂര്‍ച്ഛിക്കാതെ നോക്കാന്‍ എല്ലാവരും മുന്‍ഗണന നല്‍കണം. ഭിന്നതകള്‍ ചര്‍ച്ചകളിലൂടെയാകണം പരിഹരിക്കേണ്ടത്, അല്ലാതെ ബലപ്രയോഗത്തിലൂടെയല്ല. ഇക്കാര്യത്തില്‍ സൗദി അറേബ്യ എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group