ബംഗളൂരു– രണ്ടു വർഷത്തിലേറെ കാലമായി ശമ്പളമൊന്നും നൽകാതെ ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ച വാട്ടർമാൻ തൊഴിലാളി ആത്മഹത്യ ചെയ്തു. ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിലാണ് ചിക്കൂസ നായിക് (68) എന്ന തൊഴിലാളി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 27 മാസമായി മേൽ ഉദ്യോഗസ്ഥർ ശമ്പളം ഒന്നു നൽകാതെ മാനസികമായി പീഡിപ്പിച്ചെന്ന് ചിക്കൂസയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു.
2016 മുതൽ ഹോങ്കോറു പഞ്ചായത്തിലെ വാട്ടർ മാൻ തൊഴിലാളിയായിരുന്നു ചിക്കൂസ. ശമ്പള കുടിശ്ശികക്കായി പലതവണ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. തുടർന്ന് ആരോഗ്യം വഷളാവുകയും ജോലിയിൽ നിന്ന് രാജിവെക്കുകയും ചെയ്തു. ശേഷം 27 മാസത്തെ ശമ്പളത്തിനായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടെങ്കിലും ഇവർ സഹകരിച്ചിരുന്നില്ല. ഇതിന്റെ പേരിൽ ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും അവഗണന മാത്രമാണ് നേരിട്ടതെന്ന് ചിക്കൂസ പറഞ്ഞിരുന്നു.
ശമ്പളം നൽകാത്തത് മാത്രമല്ല പലതവണ മാനസികമായി പീഡിപ്പിച്ചെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. അവധി ആവശ്യപ്പെട്ടാൽ മാനസികമായി പീഡിപ്പിക്കുകയും രാവിലെ എട്ടുമണി മുതൽ വൈകിട്ട് ആറുമണി വരെ ഓഫീസിൽ ഇരുത്തുമെന്നും ഇദ്ദേഹം പറയുന്നു. ഈ പീഡനങ്ങൾക്കെതിരെയാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും അതിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആത്മഹത്യ കുറുപ്പിൽ ആവശ്യപ്പെട്ടു.
സംഭവത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് അടക്കം നിരവധി പേർക്കെതിരെ പോലീസ് കേസെടുത്തു