ജിദ്ദ– യാഥാർത്ഥ്യത്തിലൂന്നിയ മാധ്യമ പ്രവർത്തനത്തെ അഭിനന്ദിക്കുന്നുവെന്ന് ഹജ് കോൺസൽ മുഹമ്മദ് അബ്ദുൽ ജലീൽ. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ മൂന്ന് വർഷത്തെ ഔദ്യോഗിക ചുമതലക്ക് ശേഷം ഡൽഹിലേക്ക് മടങ്ങുന്ന ഹജ് കോൺസലിന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ഒരുക്കിയ സ്‌നേഹ സംഗമത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘കോഫീ വിത്ത് കോൺസൽ’ എന്ന പേരിൽ മീഡിയ ഫോറം സംഘടിപ്പിച്ച പരിപാടിയിൽ പഠന കാലത്തും ഇന്ത്യൻ സിവിൽ സർവീസ് നേടിയതിന് ശേഷവുമുള്ള ജീവിത അനുഭവങ്ങൾ മാധ്യമ പ്രവർത്തകരുമായി അദ്ദേഹം പങ്കുവെച്ചു. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽ കൺസൽട്ടന്റായ അദ്ദേഹത്തിന്റെ ഭാര്യ എഞ്ചിനീയർ ബിസ്മിതയും ചടങ്ങിൽ പങ്കെടുക്കുകയും അവരുടെ ജീവിത അനുഭവങ്ങളും വിദ്യാഭ്യാസ മാർഗ നിർദ്ദേശങ്ങളും പങ്കുവെക്കുകയും ചെയ്തു.
ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിന്റെ ഉപഹാരം ഫോറം പ്രസിഡന്റ് കബീർ കൊണ്ടോട്ടി അദ്ദേഹത്തിന് നൽകി ആദരിച്ചു. മാധ്യമ പ്രവർത്തകരായ ഹസ്സൻ ചെറുപ്പ, ജലീൽ കണ്ണമംഗലം, സാദിഖലി തുവൂർ, സുൽഫീകർ ഒതായി, ഗഫൂർ കൊണ്ടോട്ടി, സാബിത് സലീം എന്നിവർക്കൊപ്പം അനുപമ ബിജു, ഷബ്ന കബീർ എന്നിവർ പരിപാടിയിൽ സംസാരിച്ചു. മീഡിയ ഫോറം ജനറൽ സെക്രട്ടറി ബിജു രാമന്തളി സ്വാഗതവും, ട്രഷറർ പി. കെ സിറാജ് നന്ദിയും പറഞ്ഞു.