തിരുവനന്തപുരം – ആദ്യ ശ്രമത്തില്‍ തന്നെ 71 ാം റാങ്കോടെ ഐ എ എസ് നേടിയ ഫാബി റഷീദ് നാടിന്റെ അഭിമാനമായി. 24 കാരിയായ തിരുവനന്തപുരം സ്വദേശിനി ഫാബിയുടെ പ്രചോദനം എന്തിനും കൂടെ നില്‍ക്കുന്ന കുടുംബമാണ്. തിരുവനന്തപുരം സര്‍വ്വോദയ സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ (ISRO) നിന്ന് 2022ല്‍ ബി എസ് ബയോളജിയും എം എസ് ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി പരിശീലനമാരംഭിക്കുന്നത്. ഒരു വര്‍ഷത്തെ തീവ്ര പരിശീലനത്തിന് ശേഷം 2023ല്‍ സിവില്‍ സര്‍വീസ് പരീക്ഷയെഴുതി.
ആയുര്‍വേദ ഡോക്ടറായ എസ് എം റഷീദാണ് പിതാവ്. മാതാവ് ഡോ എം ബീനത്ത് ഇ എസ് ഐ ഡയറക്ടറായിരുന്നു. ആലപ്പുഴ ജില്ലയിലെ ചിങ്ങോലി പുളിമൂട്ടില്‍ കുടുംബാംഗം.
പരിശീലനത്തിന്റെ തുടക്കം മുതല്‍ തന്നെ ദിവസവും കുറഞ്ഞത് 10 മണിക്കൂര്‍ വിതമെങ്കിലും പഠിക്കാന്‍ ശ്രമിച്ചിരുന്നു പരീക്ഷ അടുക്കാറായപ്പോഴേക്കും കൂടുതല്‍ സമയമെടുത്തതായി ഫാബി റഷീദ് പറയുന്നു.
സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി വായിച്ച് പഠിക്കുന്നതിനേക്കാള്‍ സ്വയം ആവിഷ്‌കരിച്ച പഠനമായിരുന്നു നടത്തിയിരുന്നത്. എഴുതി പഠിക്കുന്ന രീതിയാണ് അവലംബിച്ചത്. പരീക്ഷാ തയ്യാറെടുപ്പില്‍ പൊളിറ്റിക്‌സിനായി ലക്ഷ്മികാന്തിന്റെ പുസ്തകവും ഇന്ത്യന്‍ ഭരണഘടനയും ഇക്കണോമിക്‌സ് വിഷയത്തില്‍ ശങ്കര്‍ ഗണേഷ് കറുപ്പയ്യയുടെയും ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറിനായി നിതിന്‍ സിംഗാനിയുടെ പുസ്തകങ്ങളും റഫര്‍ ചെയ്തിരുന്നു.