കോഴിക്കോട്- കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ നടന്ന ഡിപ്പാര്‍ട്‌മെന്റ് യൂണിയന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി റദ്ദാക്കാനിടയായത് ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും തെരെഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറുമായ ഡോ.സതീഷ് പാലങ്കിയുടെ അനധികൃത ഇടപെടലെന്ന് കണ്ടെത്തല്‍. കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗീകരിച്ച തെരെഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ബാലറ്റ് പേപ്പറില്‍ നിന്ന് സീരിയല്‍ നമ്പരുകള്‍ നീക്കം ചെയ്യാന്‍ ഡോ.സതീഷ് അനധികൃതമായി ഇടപെടുകയും അനഭിലഷണീയമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ പ്രഫ. പി രവീന്ദ്രന്‍ വ്യക്തമാക്കി. അദ്ദേഹത്തിനെതിരെ കാരണംകാണിക്കല്‍ നൊട്ടീസ് നല്‍കിയിട്ടുണ്ടെന്നും അതിന് വിശദീകരണം നല്‍കണമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വിശദീകരിച്ചിട്ടുമുണ്ട്.
എം.എസ്.എഫ്- കെ.എസ്.യു ഉള്‍പ്പെടുന്ന ഐക്യജനാധിപത്യമുന്നണിയുടെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ ഡോ.പാലങ്കിയുടെ റിട്ടേണിംഗ് ഓഫീസര്‍ നിയമനത്തിനെതിരെ രംഗത്ത് വന്നിരുന്നു. എസ്.എഫ്.ഐ നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥി വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നും അവര്‍ പരാതി ഉയര്‍ത്തി. കാസര്‍ക്കോട് മടിക്കൈ പഞ്ചായത്തില്‍ നിന്നുള്ള സിപിഐഎം കുടുംബാംഗമായ അദ്ദേഹം നേരത്തെ തന്നെ എസ്എഫ്‌ഐയുടെ പ്രവര്‍ത്തകനായിരുന്നു. കേരളത്തിലും പിഎച്ഛ്ഡി ചെയ്യുന്ന കാലത്ത് ജെഎന്‍യുവിലും എസ്എഫ്‌ഐ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ഡിപ്പാര്‍ട്ട്‌മെന്റ് യൂണിയനുകളുടെ പ്രവര്‍ത്തനം തത്കാലം നിര്‍ത്തിവക്കാനാണ് കഴിഞ്ഞ ദിവസം വൈസ് ചാന്‍സലര്‍ ഡോ.പി രവീന്ദ്രന്‍ ഉത്തരവിട്ടത്. വിശദമായ അന്വേഷണത്തിന് സീനിയര്‍ അധ്യാപകരുടെ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ നടന്ന വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കാനുള്ള വി സിയുടെ നിര്‍ദ്ദേശം അനുസരിച്ച് ബാലറ്റ് പേപ്പറുകള്‍ യൂണിവേഴ്‌സിറ്റിയില്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. ബാലറ്റ് പേപ്പറില്‍ സീരിയല്‍ നമ്പരും റിട്ടേണിങ് ഓഫീസറുടെ ഒപ്പും പതിക്കാതെ ബാലറ്റ് പേപ്പറുകള്‍ നല്‍കിയത് വോട്ടിങ്ങില്‍ കൃത്രിമം കാണിക്കാനാണെന്ന് ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ പരാതിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് വൈസ് ചാന്‍സലര്‍ ബന്ധപ്പെട്ടവരില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ബാലറ്റ് പേപ്പറുകള്‍ അച്ചടിക്കുന്ന യൂണിവേഴ്‌സിറ്റി പ്രസ്സ് അധികൃതര്‍ മുന്‍കാലങ്ങളിലെ പോലെ ബാലറ്റ് പേപ്പറില്‍ സീരിയല്‍ നമ്പര്‍ പതിച്ചിരുന്നുവെങ്കിലും, വോട്ടര്‍മാരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ബാലറ്റ് പേപ്പറിലെ സീരിയല്‍ നമ്പര്‍ നീക്കം ചെയ്യുവാന്‍ റിട്ടേണിംഗ് ഓഫീസര്‍ ആവശ്യപ്പെട്ടിരുന്നതായി പ്രസ്സ് അധികൃതര്‍ വിസി ക്ക് റിപ്പോര്‍ട്ട് നല്‍കി. യൂണിവേഴ്‌സിറ്റിയിലെ മറ്റു നാല് ഡിപ്പാര്‍ട്ട്‌മെന്റ് തെരഞ്ഞെടുപ്പുകളിലും സമാന രീതിയില്‍ സീരിയല്‍ നമ്പറില്ലാതെയുള്ള പേപ്പറുകളാണ് നല്‍കിയിരുന്നത്.
യൂണിവേഴ്‌സിറ്റിയുടെ സാറ്റലൈറ്റ് ക്യാമ്പസുകളായ ഐ.ടി.എസ്ആര്‍ ചെതലയം, ജോണ്‍ മത്തായി സെന്റര്‍ തൃശൂര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി – ഐ.ഇ.ടി എന്നിവിടങ്ങളില്‍ വിജയികളായ യൂണിയന്‍ ഭാരവാഹികളുടെ പ്രവര്‍ത്തനവും തല്‍ക്കാലം നിര്‍ത്തിവെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങള്‍ ഉള്‍പ്പെടെ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡോ. സന്തോഷ് നമ്പി (ചെയര്‍മാന്‍), ഡോ. എ.എം.വിനോദ് കുമാര്‍, ഡോ. എന്‍ മുഹമ്മദ് അലി, ഡോ. പ്രീതി കുറ്റി പുലക്കല്‍, ഡോ. കെ.കെ. ഏലിയാസ് (അംഗങ്ങള്‍) എന്നീ സീനിയര്‍ അധ്യാപകരടങ്ങുന്ന അഞ്ച് അംഗ കമ്മിറ്റിയെ വിസി നിയോഗിച്ചിട്ടുണ്ട്. പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
അതിനിടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് അടച്ചിടാനിടയായ സാഹചര്യം വിശദീകരിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതനുസരിച്ച് വൈസ് ചാന്‍സലര്‍ തൃശ്ശൂരില്‍ വച്ച് ഗവര്‍ണറുമായി ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ നടന്ന സംഘര്‍ഷവും സാഹചര്യങ്ങളും ഗവര്‍ണറെ ധരിപ്പിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് റദ്ദാക്കി കൊണ്ടുള്ള വൈസ് ചാന്‍സലറുടെ ഉത്തരവ് പുറത്തുവന്നത്.